തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം എട്ട് ആയി. സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നതിനിടെ വിവിധ ജില്ലകളില്‍ ഉരുള്‍പൊട്ടലും കടല്‍ക്ഷോഭവും ശക്തമാകുകയാണ്. ഒഴുക്കില്‍പ്പെട്ട് കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ചാലക്കുടി പുഴയിലെ ജലിനരിപ്പ് ഉയരുന്നതിനെ തുടര്‍ന്ന് പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. മുരിങ്ങൂര്‍ ഡിവൈന്‍ കോളനി, പരിയാരം എന്നിവിടങ്ങളിലെ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് താമസക്കാരെ ക്യാമ്ബുകളിലേക്ക് മാറ്റി.
മലയോരമേഖലകളില്‍ തീവ്രമഴയെ തുടര്‍ന്ന് പലയിടത്തും ഉരുള്‍പൊട്ടി. 24 മണിക്കൂറിനുളളില്‍ ചിലയിടങ്ങളില്‍ 200 മില്ലി ലിറ്ററിലേറെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മിന്നല്‍പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
എറണാകുളത്ത് പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. മുവാറ്റുപുഴയിലും കാലടിയിലും ജലനിരപ്പ് അപകടരേഖയ്ക്ക് മുകളിലാണെന്ന ജില്ലാ കളക്ടര്‍ അറിയിച്ചു. ആലുവ ശിവക്ഷേത്രം പൂര്‍ണമായും മുങ്ങി.മുണ്ടക്കയത്ത് ഒഴുക്കില്‍പ്പെട്ടയാളുടെ മൃതദേഹം രാവിലെ കണ്ടെത്തി. ചുമട്ടുതൊഴിലാളിയായ റിയാസാണ് മരിച്ചത്. കൂട്ടിക്കല്‍ ചപ്പാത്തിലാണ് അപകടമുണ്ടായത്.
കോട്ടയം നഗരത്തിലും മലയോര പ്രദേശങ്ങളിലും കനത്തമഴ തുടരുകയാണ്. തീക്കോയിയില് ഉരുള്‍പൊട്ടി. ഇന്നലെ രാത്രി തീക്കോയി മാര്‍മല അരുവിക്ക് സമീപമാണ് ഉരുള്‍പൊട്ടിയത്.ആളപായമില്ല. ഒന്നിലധികം തവണ ഉരുള്‍ പൊട്ടിയ മേലുകാവ് മൂന്നിലവ് പഞ്ചായത്തുകളില്‍ കര്‍ശന ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം മീനച്ചിലാര്‍ കരകവിഞ്ഞതോടെ പാലാ ടൗണില്‍ വെള്ളം കയറി. കൊട്ടാരമറ്റം ഭാഗത്ത് ഇന്നലെ രാത്രിയോടെ വെളളം കയറി. പാലാ ഈരാറ്റുപേട്ട റോഡില്‍ മൂന്നാനിയിലും വെളളം കയറിയിട്ടുണ്ട്. കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും വെള്ളപ്പൊക്ക ഭീഷണി ഉണ്ട്.