പത്തനംതിട്ടയിൽ അതിശക്തമായി മഴ തുടരുകയാണ്. നദികളിൽ ജലനിരപ്പ് ഉയരുകയാണ്. സംസ്ഥാനത്ത് 7 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നും നാളെയും തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മധ്യ-തെക്കൻ കേരളത്തിലാണ് ശക്തമായ മഴ ലഭിക്കുന്നത്. കല്ലാർകുട്ടി, പൊന്മുടി, കുണ്ടള, ലോവർ പെരിയാർ, ഇരട്ടയാർ എന്നീ ഡാമുകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നു.
പത്തനംതിട്ടയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് അച്ഛനും രണ്ട് പെൺകുട്ടികളും മരിച്ചു. ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായിട്ടുണ്ട്്. വിവിധ ഇടങ്ങളിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. കോട്ടയത്ത് ഇരിമാപ്രയിൽ ഉരുൾ പൊട്ടി. താഴ്‌നന് പ്രദേശങ്ങളിൽ വെളളം കയറുന്നുണ്ട്. കൊല്ലം അഞ്ചൽ ഉപജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി പ്രത്യേക കൺട്രോൾ റൂം തുറന്നു.