തിരുവന്തപുരം: ആലപ്പുഴ കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ നിന്നും നീക്കം ചെയ്യാൻ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തോട് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ സെൻട്രൽ വിജിലൻസ് കമ്മീഷന് പരാതി നൽകി. ശ്രീറാം അധികാര ദുരുപയോഗം, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് സലീം മടവൂർ വിജിലൻസ് കമ്മീഷന് പരാതി നൽകിയത്.
മദ്യപിച്ച് അമിതവേഗതയിൽ വാഹനമോടിച്ച് പത്രപ്രവർത്തകനായ ബഷീറിന്‍റെ മരണത്തിന് കാരണക്കാരനായിട്ടും ഐഎഎസ് പദവി ദുരുപയോഗം ചെയ്ത് കേസ്സിൽ നിന്നും രക്ഷപ്പെടാൻ ശ്രീറാം വെങ്കിട്ടരാമൻ ഗൂഢാലോചന നടത്തിയതായി എൽജെഡി നേതാവ് ആരോപിച്ചു.
ഭാവിയിൽ ജില്ലാ മജിസ്ട്രേട്ടിന്‍റെയടക്കം ചുമതല വഹിക്കേണ്ട ഉദ്യോഗസ്ഥൻ പോലീസിനെ സ്വാധീനിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും രക്തസാമ്പിൾ നൽകാൻ വിസമ്മതിക്കുകയും ചെയ്തു. ആശുപത്രിയിൽ നിന്നും ജയിലിലേക്ക് റിമാൻഡ് ചെയ്ത് അയച്ചപ്പോഴും ജയിൽ ഡോക്ടറെ സ്വാധീനിച്ച് ജയിൽവാസം ഒഴിവാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഇദ്ദേഹത്തിന് റിട്രോഗ്രേഡ് അംനീഷ്യ എന്ന രോഗമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉത്തരവാദപ്പെട്ട ജോലികൾ ചെയ്യാൻ ഇദ്ദേഹം യോഗ്യനല്ലെന്ന് സലീം മടവൂർ ചൂണ്ടിക്കാട്ടി.
സസ്പെൻഡ് ചെയ്യപ്പെടുമ്പോൾ ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലായിരുന്ന ശ്രീറാം വെങ്കിട്ടരാമിനെ തിരിച്ചെടുത്തത് ജോയന്‍റ് സെക്രട്ടറി റാങ്കിലാണ്. ഇത് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന്‍റെ ഓഫീസ് മെമ്മോറാണ്ടം OM 20011/5/90-Estt (D) Dated 4.11.1992 ന്‍റെയും ഉത്തരവ് നമ്പർ 20011/4/92- AlS-ll Dated 28/3/2000 ന്‍റെയും പരസ്യമായ ലംലനമാണെന്നും സലീം മടവൂർ പറയുന്നു.
ക്രിമിനൽ നടപടി നേരിടുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം മുദ്രവെച്ച കവറിൽ സൂക്ഷിക്കണമെന്നും മൂന്ന് മാസത്തെ ഇടവേളയിൽ മൂന്ന് തവണ പരിശോധന നടത്തിയ ശേഷവും കേസ് അവസാനിച്ചില്ലെങ്കിൽ താൽക്കാലിക പ്രമോഷൻ നൽകാമെന്നും പറയുന്നു. എന്നാൽ ശ്രീറാം വെങ്കിട്ടരാമൻ ഡിപിസിയെ സ്വാധീനിച്ച് ഇത്തരം നടപടിക്രമങ്ങൾ ലംഘിച്ച് ആരോഗ്യ വകുപ്പിൽ ജോയന്‍റ് സെക്രട്ടറിയായി സ്ഥാനക്കയറ്റം നേടുകയായിരുന്നെന്നും എൽജെഡി നേതാവ് ആരോപിച്ചു.
ജില്ലാ മജിസ്ട്രേട്ടിന്‍റെ ചുമതല വഹിക്കുന്ന വ്യക്തി അധികാര ദുർവിനിയോഗവും സ്വാധീനവും ഉപയോഗിച്ച് ഗുരുതരമായ കുറ്റകൃത്യത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു. റിട്രോഗ്രേഡ് അംനീഷ്യയുള്ള വ്യക്തി സിവിൽ സർവീസിലെ ഉന്നത ജോലികൾ ചെയ്യാൻ അയോഗ്യനാണെന്നും സലീം മടവൂരിന്‍റെ പരാതിയിൽ പറയുന്നു.