2016 ഓഗസ്റ്റ് മുതല്‍ അന്‍സാറുല്‍ ഖലീഫ എന്ന പേരില്‍ ഐഎസിന്‍റെ ഘടകം രൂപീകരിച്ച് പ്രവര്‍ത്തിക്കുകയും ആക്രമണങ്ങള്‍ നടത്താന്‍ ഗൂഢാലോചന നടത്തുകയും ചെയ്തതിന് കനകമല കേസില്‍ ഏഴുപ്രതികളെ നേരത്തെ ശിക്ഷിച്ചിരുന്നു. കനകമലയില്‍ നടന്ന യോഗത്തില്‍ കേരളത്തില്‍ വിവിധ ഭാഗത്ത് സ്‌ഫോടനം നടത്താനും ജഡ്ജിമാര്‍ അടക്കം ഉള്ളവരെ വധിക്കാനും പ്രതികള്‍ ഗൂഢാലോചന നടത്തി എന്നായിരുന്നു കേസ്. 2016 ഒകേ്ടാബര്‍ രണ്ടിന് കനകമലയില്‍ രഹസ്യയോഗം ചേരുന്നതിനിടെയാണ് എന്‍ഐഎ സംഘം ഇവരെ കീഴടക്കിയത്. ഇതിന് പുറമെ സംഘത്തില്‍പ്പെട്ട സുബ്ഹാനി രാജ ഐഎസ് കേന്ദ്രത്തിലേക്കു പോയതായി ചൂണ്ടിക്കാട്ടി മറ്റൊരുകേസുമുണ്ടായി.
ഇവയ്ക്കുപുറമെ ഷാജഹാന്‍ വള്ളവക്കണ്ടി, അബ്ദുൽ റാഷിദ് രണ്ടാംഭാര്യ ബീഹാറുകാരി ജാസ്മിന്‍, ബിരിയാണി ഹംസ എന്നീ ഐഎസ് തീവ്രവാദ കേസുകളിലാണ് കേരളത്തിലെ കോടതി നേരത്തെ ശിക്ഷ വിധിച്ചിട്ടുള്ളത്. ഇതില്‍ ബിരിയാണി ഹംസക്കും ജാസ്മിനും ഉള്‍പ്പെടെ ഏഴുവര്‍ഷത്തെ തടവാണ് കോടതി വിധിച്ചിട്ടുള്ളത്. ഇവരുടെ ശിക്ഷാകാലാവധി അവസാനിക്കാറുമായിട്ടുണ്ട്. കനകമലകേസിലെ ഒന്നാം പ്രതി കോഴിക്കോട് സ്വദേശി മന്‍സീദ് മുഹമ്മദിന് 14 വര്‍ഷം തടവും പിഴയും വിധിച്ചു. രണ്ടാം പ്രതി ചേലക്കര സ്വദേശി ടി സ്വാലിഹിന് 10 വര്‍ഷവും മൂന്നാം പ്രതി റാഷിദിന് ഏഴ് വര്‍ഷം തടവും പിഴയും വിധിച്ചു.
എന്‍ഐഎ അറസ്റ്റ് ചെയ്ത കോഴിക്കോട് കൊടുവള്ളി സ്വദേശി അബു മറിയമെന്ന ഷൈബു നിഹാറിനുള്ള ശിക്ഷയാണ് ഈ മാസം 19നു എന്‍ഐഎ കോടതി വിധിക്കാന്‍ പോകുന്നത്. പ്രതി കുറ്റക്കാരനാണെന്ന് എറണാകുളത്തെ പ്രത്യേക എന്‍ഐഎ കോടതി കഴിഞ്ഞ ദിവസം വിധിപറഞ്ഞിരുന്നു. വിചാരണയ്ക്കിടെ ഇയാള്‍ കുറ്റം സമ്മതിച്ചതോടെയാണ് ശിക്ഷ വിധിക്കാന്‍ കോടതി ദിവസം പ്രഖ്യാപിച്ചത്.
"എന്നെ വെറുതേവിടൂ, ഞാന്‍ ഐഎസിലേക്കു പൊയ്‌ക്കൊള്ളാം" ഐഎസ് റിക്രൂട്ട്‌മെന്‍റ് കേസില്‍ കണ്ണൂരില്‍ അറസ്റ്റിലായ ഹംസ അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞ വാക്കുകളായിരുന്നു ഇത്. ബിരിയാണി ഹംസ, താലിബാന്‍ ഹംസ എന്നൊക്കെ വിളിപ്പേരുള്ള തലശ്ശേരി ചിറക്കര കുഴിപ്പങ്ങാട് തൗഫീഖില്‍ ഹംസ ഇബ്രാഹിം (57) 2017ലാണു പിടിയിലായത്. ഇയാളും ശിക്ഷാവധി കാത്തിരിക്കുന്ന ഷൈബു നിഹാറും ബഹ്റൈനില്‍ ഒരുമിച്ചുണ്ടായിരുന്നു. ഇവര്‍ ഒരുമിച്ചായിരുന്നു ഐഎസ് ആശയങ്ങള്‍ ചര്‍ച്ചചെയ്തിരുന്നതും സിറിയയിലേക്ക് പോകാന്‍ തീരുമാനിച്ചതെന്നുമാണ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് ലഭിച്ച വിവരം.
ബഹ്‌റൈനില്‍ പരസ്യക്കമ്പനി നടത്തിയിരുന്ന ഷൈബു അവിടെ അല്‍ അന്‍സര്‍ സലഫി സെന്‍ററിൽ ഐഎസ് നടത്തിയ പരിശീലന ക്‌ളാസുകളില്‍ പങ്കെടുത്തിരുന്നു. ഇയാള്‍ക്കൊപ്പം പങ്കെടുത്ത 12 മലയാളികളില്‍ എട്ടു പേര്‍ പിന്നീട് സിറിയയിലേക്ക് പോയി ഐഎസിൽ ചേര്‍ന്നു. ബഹ്‌റൈനില്‍ പിടിയിലാവുമെന്ന ഘട്ടത്തില്‍ ഷൈബു ഖത്തറിലേക്ക് കടന്നു. അവിടെയും പരസ്യക്കമ്പനി തുടങ്ങിയ ഇയാള്‍ ഐസിസുമായുള്ള ബന്ധം തുടര്‍ന്നെന്ന് എന്‍ഐഎ കണ്ടെത്തി. ഐസിസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഇയാള്‍ ഫണ്ടു സ്വരൂപിച്ചെന്നും സിറിയയിലേക്ക് പോകാന്‍ ലക്ഷ്യമിട്ട മറ്റു പ്രതികള്‍ക്ക് തുക കൈമാറിയെന്നും ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നു.
ബഹ്‌റൈനിലെ പരിശീലന ക്ലാസുകളില്‍ പങ്കെടുത്ത ഷൈബു നിഹാര്‍ ഉള്‍പ്പെടെയുള്ള മലയാളികളെ തിരിച്ചറിഞ്ഞ മലപ്പുറം വണ്ടൂര്‍ പോലീസ്, ഇവര്‍ക്കെതിരെ 2017 നവംബര്‍ ആറിന് കേസെടുത്തു. ഭീകരപ്രവര്‍ത്തന നിരോധന നിയമ (യു.എ.പി.എ) പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി. 2018 ജൂണിൽ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ 2019 ഏപ്രില്‍ ഒമ്പതിനാണ് ഇയാള്‍ അറസ്റ്റിലായത്. ഖത്തറില്‍ നിന്ന് കേരളത്തിലെത്തിയ ഷൈബുവിനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് പിടികൂടിയത്.
ബഹ്‌റൈനിലെ അല്‍ അന്‍സര്‍ സലഫി സെന്‍ററില്‍ ഐഎസ് പരിശീലന ക്ലാസുകളില്‍ ഇയാള്‍ പങ്കെടുത്തിരുന്നതായി എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഈ ക്ലാസില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും സിറിയയില്‍ പോയി ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേരുകയും ചെയ്തു. എന്നാല്‍ ബഹ്‌റൈനിലെ അഡ്വര്‍ട്ടൈസിങ് കമ്പനി നടത്തിയിരുന്ന ഷൈബു നിഹാറിന് സിറിയയിലേക്ക് പോകാന്‍ സാധിച്ചില്ല. പോലീസ് പിടിയിലാകുമെന്ന ഘട്ടത്തില്‍ ഇയാള്‍ ഖത്തറില്‍ അഭയം തേടുകയായിരുന്നു. ഖത്തറില്‍ അഡ്വര്‍ട്ടൈസിങ് കമ്പനി തുടങ്ങിയ ഷൈബു നിഹാര്‍ നാട്ടിലേക്ക് വരുന്നതിനിടെയാണ് കരിപ്പൂരില്‍വെച്ച് എന്‍ഐഎയുടെ പിടിയിലായത്.
പ്രതി നടത്തിയ തെറ്റുകളായി കോടതി ചൂണ്ടിക്കാട്ടുന്നത് ഗൂഢാലോചന, ഇന്ത്യയുമായി സൗഹൃദത്തിലുള്ള ഏഷ്യന്‍ രാജ്യങ്ങളുമായി യുദ്ധം ചെയ്യല്‍ എന്നിങ്ങനെ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമുള്ള കുറ്റങ്ങള്‍. ഭീകരസംഘടനയില്‍ അംഗമാവുക, ഭീകരസംഘടനയ്ക്ക് പിന്തുണയും സഹായവും നല്‍കുക, ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ടു ശേഖരിക്കുക എന്നിങ്ങനെ യുഎപിഎ പ്രകാരമുള്ള കുറ്റങ്ങളാണ്.