കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച കേസുകള്‍ പിന്‍വലിക്കുന്നു, പിഴയായി ഈടാക്കിയത് 35 കോടിലധികം.




തിരു.: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത പൊലീസ് കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കുന്നു. കേസുകള്‍ പിന്‍വലിക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ഈ മാസം 29ന് ഉന്നതതല യോഗം വിളിച്ചു. ഗൗരവമേറിയ കേസുകള്‍ ഒഴികെ മറ്റ് കേസുകള്‍ പിന്‍വലിക്കാനാണ് നീക്കം.
       കൊവിഡ് കേസുകള്‍ കുതിച്ചുയര്‍ന്ന രണ്ടു വര്‍ഷത്തിനിടെ ഏഴു ലക്ഷം കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയത്. കേരള സര്‍ക്കാര്‍ പാസ്സാക്കിയ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം അനുസരിച്ചാണ് കേസുകളെടുത്തത്. മാസ്ക്ക് ധരിക്കാത്തിന് 500 രൂപ മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 25,000 രൂപ വരെ പിഴ പൊലീസ് ഈടാക്കിയിരുന്നു. നിയന്ത്രണം ലംഘിച്ച്‌ റോഡിലിറങ്ങിയ വാഹനങ്ങള്‍ പിടിച്ചെടുത്തും പിഴയും ഈടാക്കി. പിഴടയക്കാത്തവരുടെയും ഗൗരവമായ കുറ്റകൃത്യം ചെയ്തവര്‍ക്കുമെതിരായ തുടര്‍ നടപടികള്‍ പൊലീസ് കോടതിയിലേക്ക് വിട്ടു. പല കേസിലും കുറ്റപത്രം സമര്‍പ്പിച്ചു. ചില കേസുകളില്‍ അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ണ്ണായക തീരുമാനമെടുത്തത്. കോടതികളില്‍ കേസുകള്‍ പെരുകിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ പരിശോധിച്ച്‌ തീരുമാനിക്കാന്‍ കേന്ദ്രവും നിര്‍ദ്ദേശം നല്‍കിയിരുന്നു.
       ഇതനുസരിച്ച്‌ കേസുകള്‍ പിന്‍വലിക്കാനുള്ള നടപടികള്‍ ആരംഭിക്കാന്‍ ആഭ്യന്തര സെക്രട്ടറി, ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഓരോ കേസും പരിശോധിച്ച്‌ പിന്‍വലിക്കാവുന്ന കേസുകളുടെ വിവരം നല്‍കാന്‍ ഡിജിപി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിയന്ത്രണം ലംഘിച്ച്‌ കടകള്‍ തുറന്ന് ആള്‍ക്കൂട്ടമുണ്ടാക്കിയതും, പൊതുചടങ്ങുകളും ജാഥയും നടത്തിയതും കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന അക്രമ സംഭവങ്ങള്‍ നടന്നുതുമടക്കം ഗൗരവമേറിയ കേസുകള്‍ പിന്‍വലിക്കില്ല. പെറ്റിക്കേസുകളാകും പിന്‍വലിക്കുക. കേസ് പിന്‍വലിക്കുന്നതില്‍ അന്തിമതീരുമാനമെടുക്കാന്‍ ഈ മാസം 29ന് ചീഫ് സെക്രട്ടറി ആഭ്യന്തര സെക്രട്ടറി, നിയമസെക്രട്ടറി, ഡിജിപി എന്നിവരുടെ യോഗം മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്.
         കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചവരില്‍ നിന്നും 35 കോടിലധികം രൂപയാണ് പിഴയായി സര്‍ക്കാര്‍ ഖജനാവിലേക്കെത്തിയത്. 
أحدث أقدم