കീവ്: റഷ്യൻ സൈന്യം പിൻവാങ്ങിയതിന് പിന്നാലെ കൂടുതൽ ശവക്കുഴികൾ കണ്ടെത്തി യുക്രൈൻ. ഇസിയം നഗരത്തിന് പുറത്തുള്ള വനപ്രദേശത്ത് നൂറുകണക്കിനാളുകളെ കുഴിച്ചുമൂടിയ ശവക്കുഴികൾ കണ്ടെത്തി. ശവക്കുഴികളിൽ പരിശോധന നടത്തുമെന്നും മൃതദേഹങ്ങൾ പുറത്തെടുക്കുമെന്നും അധികൃതർ അറിയിച്ചു. 400 ലധികം മൃതദേഹങ്ങൾ സ്ഥലത്ത് മറവ് ചെയ്തിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് യുക്രൈൻ അധികൃതർ വ്യക്തമാക്കിയതായി ബിബിസി റിപ്പോർട്ട് ചെയ്തു. തടികൊണ്ടുള്ള കുരിശുകൾ കുഴിമാടത്തിന് സമീപത്തായി സ്ഥാപിച്ചിട്ടുണ്ട്. തടിക്കുരിശിൽ അക്കങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാർ ആയിരിക്കാമെന്നും ഷെല്ലാക്രമണം വൈദ്യസഹായം ലഭിക്കാതെയുമാകാം ഇത്രയും ആളുകൾ മരിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. സൈനികരെയും ഇവിടെ അടക്കം ചെയ്തതായി റിപ്പോർട്ടുകളുണ്ടെങ്കിലും സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഭൂരിഭാഗം മൃതദേഹങ്ങളും സാധാരണക്കാരുടേതാണെന്ന് യുക്രൈൻ ദേശീയ പോലീസ് സർവീസ് മേധാവി വെള്ളിയാഴ്ച പറഞ്ഞു. മരിച്ചവർ സാധാരണക്കാരാണോ സൈനികരാണോ എന്ന കാര്യത്തിൽ വ്യക്തതയുണ്ടായിട്ടില്ലെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു. സൈനിക നീക്കത്തിനിടെയിലും ഭക്ഷണവും വൈദ്യസഹായം ലഭിക്കാതെയും നിരവധിയാളുകൾക്ക് ജീവൻ നഷ്ടമായെന്നാണ് റിപ്പോർട്ടുകൾ. റഷ്യൻ സൈന്യം പിൻ വാങ്ങിയതോടെ യുക്രൈൻ്റെ വിവിധ ഭാഗങ്ങളിൽ കുഴിമാടങ്ങൾ കണ്ടെത്തിയിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്തു. യുക്രൈൻ്റെ തെക്ക് - കിഴക്കൻ പ്രദേശമായ മരിയുപോളിന് സമീപത്ത് നിരവധി കുഴിമാടങ്ങൾ കണ്ടെത്തിയിരുന്നു.
'മരക്കുരിശുകൾ, സമീപത്ത് 400 മൃതദേഹങ്ങൾ'; ശവക്കുഴികളിലെ മണ്ണ് നീക്കാനൊരുങ്ങി യുക്രൈൻ സർക്കാർ
jibin
0
Tags
Top Stories