ഒക്ടോബര്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ 5ജി സേവനം; പ്രധാനമന്ത്രി തുടക്കം കുറിക്കും


ഇന്ത്യ:  ഇന്ത്യയില്‍ 5ജി സേവനം ഒക്ടോബര്‍ ഒന്നു മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ. ഡൽഹിയില്‍ നടക്കുന്ന മൊബൈല്‍ കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനങ്ങള്‍ക്ക് തുടക്കമിടും. ടെലികോം മന്ത്രാലയം സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ടെക്നോളജി എക്സിബിഷനാണ് ഇന്ത്യാ മൊബൈല്‍ കോൺഗ്രസ്. സ്പെക്ട്രം ലേലത്തില്‍ ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, അദാനി ഡേറ്റ നെറ്റ്‍വര്‍ക്കുകള്‍, വോഡഫോണ്‍ ഐഡിയ എന്നീ കമ്പനികളാണ് ഏറ്റവും കൂടുതല്‍ ലേലം വിളിച്ചത്. 20 വര്‍ഷത്തേയ്ക്കാണ് സ്പെക്ട്രം നല്‍കിയത്. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 5ജി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് താങ്ങാനാവുന്ന വിലയില്‍ ലഭ്യമാകും എന്നത് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കും. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ 5ജി എത്തിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാഗ്‌ദാനം. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ തിരഞ്ഞെടുത്ത നഗരങ്ങളിലാകും തുടക്കത്തില്‍ 5ജി എത്തുക. 2023 അവസാനത്തോടെ രാജ്യമാകെ 5ജി എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. താരിഫ് പ്ലാനുകള്‍ ഉടന്‍ പ്രഖ്യാപിക്കും. ഫോര്‍ ജിയേക്കാള്‍ പത്തിരട്ടിയായിരിക്കും ഇന്‍റര്‍നെറ്റ് വേഗത. ഫൈവ് ജി സപ്പോര്‍ട്ട് ചെയ്യുന്ന ഫോണുകളിലായിരിക്കും സേവനം ലഭിക്കുക.

أحدث أقدم