അയർലൻഡ്: വയറുവേദനയുമായി ചികിത്സ തേടിയെത്തിയ സ്ത്രീയുടെ വയറ്റിൽ നിന്നും ബാറ്ററികൾ പുറത്തെടുത്തു. അയർലണ്ടിലെ ഡബ്ലിനിലെ സെന്റ് വിൻസെന്റ് ആശുപത്രിയിലാണ് സംഭവം. 66കാരിയുടെ വൻകുടലിൽ നിന്നും 55 ബാറ്ററികളാണ് പുറത്തെടുത്തത്. വയറുവേദനയുമായി ആശുപത്രിയിലെത്തിയ വയോധികയുടെ ആരോഗ്യനിലയിൽ സംശയം തോന്നിയ ഡോക്ടർമാർ സ്കാനിങിന് നിർദേശിക്കുകയായിരുന്നു. സ്കാനിങ് റിപ്പോർട്ടിൽ സ്ത്രീയുടെ വയറ്റിൽ ബാറ്ററികൾ കണ്ടെത്തിയതോടെയാണ് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്. ബാറ്ററികൾ സ്വാഭാവിക രീതിയിലൂടെ പുറത്തുവരുമെന്ന പ്രതീക്ഷയോടെ ചികിത്സ നൽകിയെങ്കിലും ആദ്യ ആഴ്‌ചയിൽ അഞ്ച് ബാറ്ററികൾ മാത്രമാണ് പുറത്തുവന്നത്. ബാറ്ററി വയറ്റിൽ നിന്നും പുറത്തേക്ക് വരാതിരുന്നതോടെ അമാശയത്തിന് ഭാരം താങ്ങാനാകാതെ അവസ്ഥയുണ്ടായതോടെ ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. ശസ്ത്രക്രിയയിൽ സ്ത്രീയുടെ വയറ്റിൽ നിന്നും 50 ബാറ്ററികളാണ് ഡോക്ടർമാർ പുറത്തെടുത്തത്. ജീവനൊടുക്കുകയെന്ന ലക്ഷ്യത്തോടെ സ്ത്രീ ബാറ്ററികൾ ബോധപൂർവം വിഴുങ്ങിയതാകാമെന്ന നിഗമനത്തിലാണ് ഡോക്ടർമാർ. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീയുടെ ആന്തരികാവയവങ്ങൾക്ക് കാര്യമായ പരിക്കുകളില്ലെന്നും ആരോഗ്യനിലയിൽ തൃപ്തിയുണ്ടെന്നും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ത്രീയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഒരാളുടെ വയറ്റിൽ നിന്നും ഇത്രയും ബാറ്ററികൾ പുറത്തെടുക്കുന്നത് ആദ്യമായിട്ടാണെന്ന് ഡോക്ടർമാർ പറഞ്ഞു.
വയറുവേദനയുമായി എത്തിയ സ്ത്രീയുടെ വയറ്റിൽ 55 ബാറ്ററികൾ; 50 എണ്ണം പുറത്തെടുത്തു, ശസ്ത്രക്രിയ വിജയം
jibin
0
Tags
Top Stories