കെഎസ്ആർടിസി ബസ് നേരെ വന്ന് സൈക്കിളിന്റെ ഹാൻഡിലിൽ തട്ടി, ബ്യൂട്ടിഷന് ദാരുണാന്ത്യം





ആലപ്പുഴ ; കെഎസ്ആര്‍ടിസി ബസ് സൈക്കിളിലിടിച്ച് അതിഥി തൊഴിലാളി മരിച്ചു. ഉത്തർപ്രദേശ്​ സമ്പാൽ ഗോവിന്ദപൂർ ജമീൽ അഹമ്മദിന്‍റെ മകൻ സെയ്ഫ്​ അലിയാണ്​ (27) മരിച്ചത്​. കെഎസ്ആർടിസി ബസ് നേരെ വന്ന് സെയ്ഫ്​ അലി സഞ്ചരിച്ചിരുന്ന സൈക്കിളിന്റെ ഹാൻഡിലിൽ തട്ടുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നരയോടെ ആലപ്പുഴ കൊട്ടാര പാലത്തിന്​ സമീപത്താണ് അപകടമുണ്ടായത്.

ആലപ്പുഴ കൊട്ടാരപ്പാലത്ത് പ്രവർത്തിക്കുന്ന മെൻസ് ബ്യൂട്ടിപാർലറിൽ ബ്യൂട്ടീഷനായി ജോലി ചെയ്തുവരികയായിരുന്നു സെയ്ഫ് അലി. ഭക്ഷണം കഴിച്ച ശേഷം താമസ സ്ഥലത്തു നിന്നും സൈക്കിളില്‍ തിരികെ ജോലി സ്ഥലത്തേക്ക് വരുമ്പാഴായിരുന്നു അപകടം. സൈക്കിളിൽ പോവുന്നതിനിടെ ഇതേദിശയിലൂടെ എത്തിയ കെഎസ്ആർടിസി ബസ് ഹാൻഡിലിൽ തട്ടുകയായിരുന്നു. 

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക്​ തെറിച്ചുവീണ്​​ ഗുരുതര പരിക്കേറ്റ ഇയാളെ ഉടനേ തന്നെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തോപ്പുംപടിയിൽ നിന്ന്​ ആലപ്പുഴയി​ലെത്തി വണ്ടാനം മെഡിക്കൽ കോളജിലേക്ക്​ പോയ കെഎസ്ആർടിസി ഓർഡിനറി ബസ്സാണ് അലിയെ ഇടിച്ചു വീഴ്ത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

أحدث أقدم