പ്രശ്‌നം മാനസിക വിഭ്രാന്തിയുള്ള ചില ജീവനക്കാർ; പൊതുജനങ്ങളോട് മാപ്പ് ചോദിച്ച് കെഎസ്ആര്‍ടിസി എംഡി





തിരുവനന്തപുരം:
കെ.എസ്.ആർ.ടി.സിയുടെ അടിസ്ഥാനപ്രശ്നം ചുരുക്കം ചില മാനസികവിഭ്രാന്തിയുള്ള ജീവനക്കാരാണെന്ന് എം.ഡി. ബിജുപ്രഭാകർ ഐ.എ.എസ്. അത്തരക്കാരെ യാതൊരു കാരണവശാലും മാനേജ്മെൻറ് സംരക്ഷിക്കില്ലെന്നും വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. 

ഗതാഗത മന്ത്രി ആൻറണി രാജുവിന്റെയും സർക്കാരിന്റേയും നിലപാട് ഇത് തന്നെയാണെന്നും ഇങ്ങനെയുള്ള കളകളെ പറിച്ച് കളയുക എന്ന് തന്നെയാണ് സർക്കാർ നൽകിയിട്ടുള്ള നിർദ്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കാട്ടാക്കട യൂണിറ്റിൽ യാത്രാ കൺസെഷൻ പുതുക്കാനായി എത്തിയ വിദ്യാർഥിനിക്കും പിതാവിനും കെ.എസ്.ആർ.ടി.സി. ജീവനക്കാരിൽ നിന്ന് ക്രൂര മർദ്ദനമേറ്റിരുന്നു. ഇതിൽ മാപ്പഭ്യർത്ഥിച്ചു കൊണ്ടായിരുന്നു പോസ്റ്റ്. ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ പ്രശ്നത്തിന് പിതാവിനോടും പെൺകുട്ടിയോടും സ്ഥാപനത്തിന്റെയും നല്ലവരായ മറ്റു ജീവനക്കാരുടെയും പേരിൽ പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


أحدث أقدم