വംശനാശം വന്നിട്ടില്ല, ‘പൂ’വാലന്മാര്‍ കൊവിഡിന് ശേഷം വീണ്ടുമെത്തിയെന്ന് പൊലീസ്; പൂട്ടാന്‍ ശക്തമായ പട്രോളിംഗ്


തിരുവനന്തപുരം : പൊതുസ്ഥലങ്ങളില്‍ സ്ത്രീകളെ ശല്യപ്പെടുത്തുന്ന പൂവാലന്മാര്‍ സ്‌കൂള്‍ കോളജ് പരിസരങ്ങളില്‍ വീണ്ടും സജീവമായെന്ന് മനസിലാക്കിയതായി കേരള പൊലീസ്. വംശനാശം സംഭവിച്ചെന്ന് കരുതിയ പൂവാലന്മാര്‍ സ്‌കൂള്‍, കോളജ് പരിസരങ്ങളില്‍ കൊവിഡിന് ശേഷം വീണ്ടും പ്രത്യക്ഷപ്പെട്ട് തുടങ്ങിയതായി കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ഇത്തരക്കാരെ പൂട്ടാന്‍ പട്രോളിംഗ് ഉള്‍പ്പെടെ ശക്തമാക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ സ്ത്രീകളേയും പെണ്‍കുട്ടികളേയും തുറിച്ചുനോക്കുകയും സംസാരിച്ച് ശല്യപ്പെടുത്തുകയും ചെയ്യുന്നവരെ സൂചിപ്പിക്കാന്‍ സാധാരണയായി ഉപയോഗിക്കുന്ന പേരാണ് പൂവാലന്മാര്‍. ടോംസിന്റെ പ്രശസ്തമായ ബോബനും മോളിയും കാര്‍ട്ടൂണിലെ അപ്പി ഹിപ്പിയുടെ ചിത്രം കൂടി ഉള്‍പ്പെടുത്തിയാണ് കേരള പൊലീസിന്റെ രസകരമായ ഫേസ്ബുക്ക് കുറിപ്പ്. കുറിപ്പ് രസകരമാണെങ്കിലും സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ നേരിടുന്ന ഇത്തരം ശല്യങ്ങളെ വളരെ ഗൗരവത്തോടെ കാണുമെന്ന സൂചനയാണ് കേരള പൊലീസിന്റെ പോസ്റ്റിലുള്ളത്. പൂവാലന്മാരില്‍ നിന്നും ശല്യം നേരിട്ടാല്‍ ഉടനടി സഹായം തേടാമെന്നും പൊലീസ് അറിയിച്ചു. ശല്യമുണ്ടായാല്‍ 112 എന്ന നമ്പരില്‍ വിളിച്ച് വിവരമറിയിക്കാമെന്നും പൊലീസ് അറിയിച്ചു. 

أحدث أقدم