ഗവർണ‍ർ ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിക്ക് പോകുന്നു; ഈ മാസം കേരളത്തിലേക്കില്ല



തിരുവനന്തപുരം : കേരള സർക്കാരുമായി പരസ്യ പോര് തുടരുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ഡൽഹിയിലേക്ക് പോകും. വിവാദ ബില്ലുകൾ ഒപ്പിടില്ലെന്നും മറ്റുള്ള ബില്ലുകളിൽ ഒപ്പിടമെങ്കിൽ മന്ത്രിമാരോ സെക്രട്ടറിയോ നേരിട്ട് എത്തണമെന്നുമുള്ള വ്യവസ്ഥ വച്ച ശേഷമാണ് ഗവർണർ  പോകുന്നത്. 

രാജ്ഭവനില്‍ തന്നെ കണ്ട ചീഫ് സെക്രട്ടറിയോടാണ് ഗവർണർ തന്‍റെ വ്യവസ്ഥകൾ അറിയിച്ചത്. ലോകായുക്ത നിയമഭേദഗതി ബില്‍, സര്‍വ്വകലാശാല നിയമ ഭേഗതി ബില്‍ എന്നിവയില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ഇതിനകം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് ഡൽഹിയിലേക്ക് പോകുന്ന ഗവർണർ ഈ മാസം കേരളത്തിലേക്ക് മടങ്ങിവരില്ല. ഗവർണറുടെ മടക്കം അടുത്ത മാസം ആദ്യം ആയിരിക്കുമെന്നാണ് വ്യക്തമാകുന്നത്.

അതേസമയം, ഗവർണ്ണറുടെ പരിഗണന കാത്തിരിക്കുന്നത് 11 ബില്ലുകളാണ്. കൂടുതൽ വ്യക്തതക്കായി മന്ത്രിമാർ വന്ന് ബില്ലുകളെ കുറിച്ച് വിശദീകരിക്കണമെന്ന് കഴിഞ്ഞ മാസം ഗവർണർ സർക്കാറിന് കത്തയച്ചിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയോട് ഗവർണർ വീണ്ടും ഓർമ്മിപ്പിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ മന്ത്രിമാരോ സെക്രട്ടറിമാരോ ഇന്ന് വിശദീകരിക്കാൻ എത്തിയില്ലെങ്കിൽ ബാക്കിയുള്ള 9 ബില്ലുകളിലും തീരുമാനം നീളുമെന്നുറപ്പാണ്.



أحدث أقدم