നിയമസഭ കയ്യാങ്കളിക്കേസ് : മന്ത്രി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ ഇന്ന് കോടതിയിലെത്തും


 
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസ് ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മന്ത്രി വി ശിവന്‍കുട്ടി അടക്കം കേസിലെ പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരാകും. 

വിചാരണ ആരംഭിക്കുന്നതിന്റെ ഭാഗമായി കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ പ്രതികളെല്ലാം ഹാജരാകണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. നേരത്തെ പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ഇന്ന് ഹാജരാകണമെന്ന് അന്ത്യശാസനം നല്‍കിയത്. 

വിചാരണ നടപടികളുടെ തീയതിയും കോടതി ഇന്ന് തീരുമാനിക്കും. മന്ത്രി വി ശിവന്‍കുട്ടി, ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍, കെ ടി ജലീല്‍ എംഎല്‍എ, കെ അജിത്, സി കെ സദാശിവന്‍, കെ കുഞ്ഞുമുഹമ്മദ് എന്നിവരാണ് കേസിലെ പ്രതികള്‍. 

അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന പൊതുമുതൽ നശിപ്പിക്കൽ, അതിക്രമിച്ച് കയറൽ, നാശനഷ്ടങ്ങൾ വരുത്തൽ എന്നീ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. 2015 മാർച്ച് 13ന് ബാർ കോഴക്കേസിൽ പ്രതിയായ അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷമായ ഇടതുമുന്നണി തടസപ്പെടുത്തുന്നതിനിടെയാണ് സംഘർഷമുണ്ടായത്.  

സംഘർഷത്തിനിടെ പ്രതികൾ 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ കുറ്റപത്രം. വിചാരണ നടപടി സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. കുറ്റപത്രം വായിക്കുന്നത് നീട്ടിവെക്കണമെന്ന പ്രതികളുടെ ആവശ്യവും കോടതി നിരാകരിച്ചു. കേസ് പിൻവലിക്കാനായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ വരെ സമീപിച്ചിരുന്നുവെങ്കിലും തിരിച്ചടി നേരിട്ടിരുന്നു. 2015ലെ ബജറ്റ് അവതരണ വേളയിൽ സ്പീക്കറുടെ വേദിയും മൈക്കും കമ്പ്യൂട്ടറുമെല്ലാം തകർത്ത പ്രതിപക്ഷാംഗങ്ങൾ നിയമസഭയിൽ നടത്തിയ കയ്യാങ്കളിയുടെ ദൃശ്യങ്ങൾ ദേശീയതലത്തിൽപ്പോലും വൻ ചർച്ചയായിരുന്നു. 


أحدث أقدم