ഭോപാൽ: വർഷങ്ങൾ പഴക്കമുള്ള പുരാവസ്തു ശേഖരം കണ്ടെടുത്തു. മദ്ധ്യപ്രദേശിലെ ബാന്ധവ്ഗഡിൽ നിന്നും പുരാതന ഗുഹകളുടെയും ക്ഷേത്രങ്ങളുടെയും ബുദ്ധമത നിർമിതികളുടെ അവശിഷ്ടങ്ങളും കണ്ടെടുത്തതായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിയച്ചു. മഥുര, കൗശാംബി തുടങ്ങിയ നഗരങ്ങളുടെ പേരുള്ള ലിഖിതങ്ങളും കണ്ടെടുത്തിട്ടുണ്ട്. പഴയ ലിപിയിലാണ് ഇവ അടയാളപ്പെടുത്തിയിരിക്കുന്നത്. പ്രധാന രാജാക്കന്മാരുടെ പേരുകൾ മഹാരാജ ശ്രീ ഭീംസേനൻ, മഹാരാജ പൊട്ടാസിരി, മഹാരാജ ഭട്ടദേവ എന്നിവയാണ് പഴയ ലിഖിതങ്ങളിൽ പരാമർശിച്ചിരിക്കുന്നത്.
1938-ന് ശേഷം ആദ്യമായാണ് പ്രദേശത്ത് ഒരു മാസത്തിലേറെ നീണ്ട പര്യവേഷണം നടത്തുന്നത്. ബാന്ധവ്ഗഡ് കടുവ സങ്കേതത്തിന്റെ 170 കിലോമീറ്റർ ചുറ്റളവിൽ നടത്തിയ പരിശോധനയിലാണ് പുരാവസ്തുക്കൾ കണ്ടെത്തിയത്. പര്യവേഷണത്തിൽ നിരവധി പുരാതന ശിൽപങ്ങളും കണ്ടെടുത്തു. വിഷ്ണുവിന്റെ വിവിധ അവതാരങ്ങളായ വരാഹ, മത്സ്യം എന്നിവയുടെ ശിൽപങ്ങളും പ്രകൃതിദത്ത ഗുഹകളിൽ നിർമ്മിച്ച ബോർഡ് ഗെയിമുകൾ എന്നിവ കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു.
നിലവിൽ ഇതുവരെ 35 ക്ഷേത്രങ്ങൾ പുരാവസ്തു പട്ടികയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് എഎസ്‌ഐ ഉദ്യോഗസ്ഥർ പറഞ്ഞു. ഗുഹകളിൽ 26 എണ്ണം പുതുതായി രേഖപ്പെടുത്തിയവയാണ്.ബിസി രണ്ടാം നൂറ്റാണ്ട് മുതൽ എഡി അഞ്ചാം നൂറ്റാണ്ട് വരെയുള്ള കാലയളവിലെയും ഭൂരിഭാഗവും ബുദ്ധമത സ്വഭാവമുള്ളവയുമാണ് രേഖപ്പെടുത്തിയ ക്ഷേത്രങ്ങൾ. 50 എണ്ണം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.