'ബൈഡൻ അടക്കമുള്ള ലോകനേതാക്കൾ ബസിൽ എത്തണം', ഹെലികോപ്റ്റർ ഉയർത്താൻ അനുവദിക്കില്ല; എലിസബത്ത് രാജ്ഞിയുടെ സംസ്കാരത്തിന് കടുത്ത സുരക്ഷാ നടപടികൾ


ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ സംസ്കാരത്തിൽ ലോക നേതാക്കൾ പങ്കെടുക്കുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ. അതേസമയം, ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്ന ലോകനേതാക്കളും അവരുടെ ഭാര്യമാരും സ്വന്തമായി ബ്രിട്ടനിലേക്ക് വരണമെന്നും ചടങ്ങ് നടക്കുന്ന സ്ഥലത്തേക്ക് ബസ്സിൽ എത്തണമെന്നുമാണ് നിർദ്ദേശിച്ചിരിക്കുന്നത്. സെപ്റ്റംബർ 19 തിങ്കളാഴ്ചയാണ് വെസ്റ്റ്മിൻസ്റ്റർ ആബിയിലാണ് എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾ നടത്തുക. ബ്രിട്ടനിലെ ബാങ്കുകൾക്ക് അടക്കം അന്ന് അവധിയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ കരുതുന്നത്. 70 വർഷം അധികാരത്തിൽ ഉണ്ടായിരുന്ന എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾക്ക് അഞ്ഞൂറോളം വിദേശ പ്രമുഖർ പങ്കെടുക്കുമെന്നാണ് വിലയിരുത്തുന്നത്. സംസ്കാര ചടങ്ങുകൾക്ക് വലിയ തരത്തിലുള്ള ഒരുക്കങ്ങളാണ് അധികൃതർ നടത്തിയിരിക്കുന്നത് എന്നാണ് ഫോറിൻ കോമൺവെൽത്ത് ആൻഡ് ഡെവലപ്‌മെന്റ് ഓഫീസിനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.

ബ്രിട്ടീഷ് വാർത്താ വെബ്സൈറ്റ് ആയ പൊളിറ്റിക്കോ ആണ് ഇത് സംബന്ധിച്ച് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്വന്തമായി വാഹനം ഉപയോഗിക്കരുതെന്നും അതിനുപുറമെ ലണ്ടൻ നഗരത്തിലൂടെ ഹെലികോപ്റ്ററിൽ യാത്ര ചെയ്യരുതെന്ന് നിർദ്ദേശവും നൽകിയിട്ടുണ്ട്.

വിഐപികൾക്ക് കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്. പ്രമുഖർ സഞ്ചരിക്കുന്ന വാഹനങ്ങൾ പടിഞ്ഞാറൻ ലണ്ടനിലെ പ്രത്യേക സ്ഥലത്ത് പാർക്ക് ചെയ്യുകയും തുടർന്ന്, അധികൃതർ അനുവദിച്ചിരിക്കുന്ന സ്വകാര്യ ബസുകളിലായാണ് ഇവർ പ്രദേശത്തേക്ക് എത്തുക. വിദേശ എംബസികൾക്ക് അയച്ച ഔദ്യോഗിക പ്രോട്ടോക്കോൾ സന്ദേശം ഉദ്ധരിച്ചാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.

സംസ്കാരത്തോട് അനുബന്ധിച്ച് കടുത്ത സുരക്ഷാ ഒരുക്കങ്ങളും റോഡ് നിയന്ത്രണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടക്കമുള്ള ലോക നേതാക്കൾക്ക് ഇതേ പ്രോട്ടോകോൾ അംഗീകരിക്കേണ്ടിവരുമോ എന്നാണ് കണ്ടറിയേണ്ടത്.

ജോ ബൈഡൻ ഇത്തരത്തിൽ ബസിൽ കയറി സഞ്ചരിക്കുന്നത് സങ്കൽപ്പിക്കാൻ സാധിക്കുമോ എന്നായിരുന്നു പൊളിറ്റിക്കോയുടെ റിപ്പോർട്ടിനോട് ഒരു വിദേശ അംബാസഡർ പ്രതികരിച്ചു. സാധാരണയായി യുഎസ് പ്രസിഡന്റിന്റെ ദീർഖദൂര യാത്രകളിൽ എയർഫോഴ്സ് വൺ ആണ് ഉപയോഗിക്കാറുള്ളത്. ബോയിങ് 747ന്റെ കസ്റ്റമൈസ്ഡ് ആയ രണ്ട് വിമാനങ്ങളാണ് അതിനായി ഉപയോഗിക്കുന്നത്. അതിന് പുറമെ, മറൈൻ വൺ ഹെലികോപ്റ്ററും ഉപയോഗിക്കാറുണ്ട്. അതേസമയം, ലണ്ടന്റെ നിർദ്ദേശങ്ങളിൽ പ്രതികരിക്കാൻ യുഎസ് എമ്പസി തയ്യാറായിട്ടില്ല.

60 വർഷത്തിന് ശേഷം നടക്കുന്ന ആദ്യ 'സ്റ്റേറ്റ് ഫ്യൂണറൽ' എന്ന പ്രത്യേകതയും എലിസബത്ത് രാജ്ഞിയുടെ സംസ്കാരത്തിനുണ്ട്. 1965-ൽ മുൻ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ ശവസംസ്‌കാരത്തിന് ശേഷമുള്ള ആദ്യത്തെ സ്റ്റേറ്റ് ഫ്യൂണറൽ ആണിത്. അതിനാൽ തന്നെ ബ്രിട്ടൻ ഇതുവരെ നടത്തിയിട്ടില്ലാത്ത ഏറ്റവും വലിയ സുരക്ഷാ, ലോജിസ്റ്റിക് പ്രവർത്തനങ്ങളിലൊന്നായിരിക്കും ഇത്.

സുരക്ഷയ്ക്കായി ആയിരക്കണക്കിന് പോലീസ് ഉദ്യോഗസ്ഥരെയാണ് ലണ്ടൻ നഗരത്തിൽ മാത്രം വിന്യസിച്ചിരിക്കുന്നത്. വലിയ ജനക്കൂട്ടമാകും എത്തുക എന്നാണ് അധികൃതർ കരുതുന്നത്.

ശവസംസ്കാര ചടങ്ങുകൾക്ക് മുൻപുള്ള നാല് ദിവസങ്ങളിൽ രാജ്ഞിയുടെ മൃതദേഹം ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.



أحدث أقدم