അസാധാരണ നടപടി; വാര്‍ത്താ സമ്മേളനം വിളിച്ച് ഗവര്‍ണര്‍, സര്‍ക്കാരിന് എതിരെ പോര് കടുപ്പിക്കുന്നു?







തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ തുടരവെ വാര്‍ത്താ സമ്മേളനം വിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നാളെ രാവിലെ 11.30ന് ഗവര്‍ണര്‍ രാജ്ഭവനില്‍ മാധ്യമങ്ങളെ കാണും. ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം നടത്തുന്നത് അസാധാരണ നടപടിയാണ്. സര്‍വകലാശാല നിയമനവിവാദത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച ഗവര്‍ണര്‍ക്ക് എതിരെ മുഖ്യമന്ത്രിയടക്കം രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള വാക്‌പോരിന് പിന്നാലെയാണ് ആരിഫ് മുഹമ്മദ് ഖാന്‍ വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുന്നത്. 

ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ നടന്ന ആക്രമണത്തിന്റെ ഗൂഢാലോചനയെ കുറിച്ചുള്ള തെളിവുകള്‍ നാളെ പുറത്തുവിടുമെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു. തന്നെ ആക്രമിച്ച ദൃശ്യങ്ങള്‍ നാളെ പുറത്തുവിടും. തന്നെ അക്രമിച്ചവര്‍ക്ക് എതിരെ കേസെടുക്കാത്തത് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു. തനിക്കെതിരായ ആക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും അതിനുള്ള സമയമായെന്നും ഗവര്‍ണര്‍ പറഞ്ഞു.സര്‍വകലാശാല വിഷയങ്ങളില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കുന്ന മുഖ്യമന്ത്രിയുടെ കത്തും നാളെ പുറത്തുവിടുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. 

ഗവര്‍ണര്‍ അസംബന്ധം പറയുന്നത് അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് സര്‍വകലാശാലകളില്‍ ബന്ധുനിയമനങ്ങള്‍ നടക്കുന്നതെന്ന ഗവര്‍ണറുടെ പരാമര്‍ശത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി കടുത്ത ഭാഷയില്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ചത്. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചായിരിക്കണം വര്‍ത്തമാനമെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.

ഇതിന് പിന്നാലെ മുഖ്യമന്ത്രിക്ക് എതിരെ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും രംഗത്തെത്തി. ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും തനിക്കെതിരായ ഗൂഢാലോചനയുടെ തെളിവുകള്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത്. ഇതുവരെ പിന്നില്‍ നിന്നാണ് മുഖ്യമന്ത്രി കളിച്ചത്. മുഖ്യമന്ത്രി മറനീക്കി പുറത്ത് വന്നതിലും നേരിട്ട് തനിക്ക് മറുപടി നല്‍കിയതിലും സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

തുടര്‍ന്ന് ഗവര്‍ണര്‍ക്ക് എതിരെ ഇടത് നേതാക്കള്‍ കൂട്ടമായി രംഗത്തെത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രൂക്ഷഭാഷയില്‍ ഗവര്‍ണറെ വിമര്‍ശിച്ചു. ശനിയാഴ്ച ഗവര്‍ണര്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.


أحدث أقدم