റബ്ബർവിപണിയിൽ ഒത്തുകളി


കോട്ടയം : ഒരിടവേളയ്ക്കു ശേഷം റബർ വിലസ്ഥിരതാ പദ്ധതിയായ റബർ പ്രൊഡക്ഷൻ ഇൻസെൻ്റീവ് സ്കീം പുനരാരംഭിച്ചെങ്കിലും ആശങ്കയൊഴിയാതെ റബർ കർഷകർ. സംസ്ഥാനത്തെ റബർ കർഷകർക്ക് ന്യായവില ലഭ്യമാക്കുകയെന്ന ഉദ്ദേശത്തോടെ 2015 ൽ നടപ്പാക്കിയതാണിത്. ഇതുപ്രകാരം റബറിന് കിലോയ്ക്ക് 170 രൂപ ലഭിക്കും. വിപണിവിലയിൽ നിന്നുള്ള വ്യത്യാസം കർഷകർക്ക് നേരിട്ട് നൽകും. എന്നാൽ അടിസ്ഥാനവില കിലോയ്ക്ക് 200 രൂപ എങ്കിലും ആക്കണമെന്നാണ് മേഖലയുടെ ആവശ്യം. ഒരു കിലോ റബർ ഷീറ്റിന്റെ ഉൽപാദനച്ചെലവ് 220 രൂപയാണെന്ന് റബർ ബോർഡ് തന്നെ പറയുമ്പോൾ 170 രൂപ എന്നത് തുച്ഛമാണെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. പദ്ധതി പുനരാരംഭിച്ചതിനെ സ്വാഗതം ചെയ്ത കർഷകർ, കാലാവസ്ഥ വ്യതിയാനം അടക്കമുള്ള കാരണങ്ങളാൽ ഉൽപാദനം കുറഞ്ഞ സാഹചര്യത്തിൽ വില സ്ഥിരത ഫണ്ട്‌ വർധിപ്പിക്കണം എന്ന ആവശ്യമാണ് ഉയർത്തുന്നത്. പദ്ധതി നിലവിൽവന്ന സമയത്തെ നിരക്കാണിത്. എന്നാൽ മാറിയ സാഹചര്യത്തിൽ നിരക്ക് വർധിപ്പിക്കണം എന്നാണ് ആവശ്യം. എങ്കിലേ കേരളത്തിലെ 12 ലക്ഷത്തോളം ചെറുകിട നാമമാത്ര കര്‍ഷകർക്ക് പദ്ധതിയുടെ ഗുണം കിട്ടൂ. കിലോയ്ക്ക് 250 രൂപ നൽകാമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം സർക്കാർ മറക്കരുതെന്നും അവർ ഓർമിപ്പിക്കുന്നു. അതിനിടെ റബർ ബോർഡ് റബറിൻ്റെ വില നിശ്ചയിക്കുന്നതിലെ അശാസ്ത്രീയതമൂലം വിപണിവില ലഭിക്കുന്നില്ലെന്നും പരാതി ഉയരുന്നു. ഇന്നലെ ഒരു കിലോ റബർ ഷീറ്റിന് ബോർഡ് നിശ്ചയിച്ചിരിക്കുന്ന വില 148 രൂപയാണ്. വിപണിയിൽ 150 രൂപയ്ക്ക് വരെ ഷീറ്റ് സംഭരിക്കാൻ ആവശ്യക്കാരുള്ളപ്പോഴാണിത്. വൻകിട കച്ചവടക്കാരും ട്രേഡർമാരുമായും ചേർന്ന് റബറിൻ്റെ വിലയിടിക്കാനുള്ള ശ്രമമാണ് ബോർഡ് നടത്തുന്നതെന്നാണ് കർഷകരുടെ ആരോപണം. ഇതേതുടർന്ന് വിപണിയിലേയ്ക്ക് ഷീറ്റ് എത്തുന്നില്ല. വൻകിട ടയർ കമ്പിനികൾക്കു വേണ്ടി ഇവർ ഷീറ്റ് സംഭരിച്ച് വച്ചിരിക്കുകയാണ്. വിലസ്ഥിരതാ പദ്ധതി പ്രാബല്യത്തിലായതോടെ വിപണിയിലേയ്ക്ക് ഷീറ്റ് എത്തേണ്ട സമയത്തെ ഒത്തുകളി കർഷകരെ പ്രതിസന്ധിയിലാക്കിയെന്ന് റബർ കർഷകനും കർഷക കോൺഗ്രസ് നേതാവുമായ എബി ഐപ്പ് ആരോപിച്ചു. വില നിർണയിക്കുന്നതിലെ ഒത്തു കളി അവസാനിപ്പിച്ചില്ലെങ്കിൽ ബോർഡിന് മുമ്പിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

أحدث أقدم