പാലക്കാട്: തൃത്താലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആമയില്‍ അബ്ദുസമദിന്റെ ഭാര്യ ഷെറീനയാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. വീട്ടിലെ അടുക്കളയിലെ ഗ്യാസ് കുറ്റിയാണ് പാചകം ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. അബ്ദുസമദിനും ഭാര്യ ഷെറീനയ്ക്കും മകനുമാണ് പൊള്ളലേറ്റത്. ഉടന്‍ തന്നെ ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ഷെറീന മരിച്ചത്.
സംഭവ സമയത്ത് വീട്ടില്‍ അബ്ദുസമദിന്റെ ഉമ്മയും മകളും ഉണ്ടായിരുന്നുവെങ്കിലും അവര്‍ക്ക് പൊള്ളലേറ്റില്ല. പട്ടാമ്പി ഫയര്‍ഫോഴ്‌സ് വീട്ടിലെത്തിയാണ് തീയണച്ചത്.