സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം; വിശ്വ ഹിന്ദു പരിഷത്ത്.


ഒക്ടോബര്‍ മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവൃത്തി ദിനമാക്കിയ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. 
ഹിന്ദു മത വിശ്വാസികള്‍ ഏറ്റവും പരിപാവനമായി ആചരിക്കുന്ന നവരാത്രി വിജയദശമി ദിനങ്ങളില്‍ ഒന്നായ ദുർഗ്ഗാഷ്ടമി നാളായ ഒക്ടോബര്‍ മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തി ദിനമാക്കിയത് അത്യന്തം അപലനീയമാണ്.

ഈ വർഷം ജ്യോതിഷ പ്രകാരം  പൂജവെയ്പ്പ് ദിനം ഒക്ടോബര്‍ രണ്ടിനാണ്. ഒക്ടോബര്‍ മൂന്ന് ദുര്‍ഗാഷ്ടമിയും നാല് മഹാനവമിയുമാണ്. 

കുട്ടികള്‍ തങ്ങളുടെ പാഠപുസ്തകങ്ങളും മറ്റ് പഠനോപകരണങ്ങളും പുജയ്ക്ക് വെച്ചുകഴിഞ്ഞാല്‍ രണ്ടു ദിവസം അടച്ച് പൂജ കഴിഞ്ഞ് മൂന്നാം പക്കം വിജയദശമി ദിനത്തില്‍ മാത്രമാണ് തിരികെ എടുക്കുക. 

പൂജവെച്ചുകഴിഞ്ഞാല്‍ വിജയദശമി വരെ വിദ്യാര്‍ത്ഥികള്‍ സാധാരണയായി പുസ്തകം തുറന്ന് പഠനം നടത്താറില്ല ആര്‍ഷ ഭാരത സംസ്‌കാരത്തിന്റെ ഭാഗംകൂടിയാണിത്. 

പ്രവര്‍ത്തി ദിനമാക്കാന്‍ സാധിക്കുന്ന മറ്റ് ദിനങ്ങള്‍ ഉള്ളപ്പോള്‍ പൂജ വെയ്പ്പ് ദിനം തന്നെ പ്രവൃത്തി ദിനമാക്കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും, ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരനും പറഞ്ഞു. 
ദേവസ്വം ഭരണങ്ങളിലെന്ന പോലെ പിണറായി സര്‍ക്കാരിന്റെ സനാതന ധര്‍മ്മ വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങളെ തകര്‍ക്കാനുള്ള ഗൂഢ തന്ത്രമാണിത്. 
ഒക്ടോബര്‍ മൂന്നാം തീയതി വിദ്യാലയങ്ങള്‍ക്ക് പ്രവൃത്തി ദിനമാക്കിയ നടപടി  പിന്‍വലിച്ച് വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
أحدث أقدم