ചൈനക്ക് തിരിച്ചടി; ആപ്പിളിന് പിന്നാലെ ഗൂഗിളും ഇന്ത്യയിലേക്ക്; പിക്സൽ ഫോണുകൾ ഇന്ത്യയിൽ നിർമിക്കും


ഇന്ത്യ: ആപ്പിളിന് പിന്നാലെ, ഗൂഗിളും അതിന്റെ മുൻനിര പിക്സൽ സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ നിർമ്മിക്കാൻ ഒരുങ്ങുന്നു. ചൈനയിൽ കൊവിഡ് 19 കാരണം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതും ഉത്പാദനം മന്ദഗതിയിലായതുമാണ് വൻകിട കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നത്. 5 മുതൽ 10 ലക്ഷം വരെ പിക്സൽ ഫോണുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ ഗൂഗിൾ പദ്ധതിയിടുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയ്‌ക്കൊപ്പം വിയറ്റ്‌നാമിലേക്കും ബിസിനസ് മാറ്റാൻ കമ്പനി ശ്രമിക്കുന്നുണ്ട്.  ആപ്പിൾ ഐഫോൺ ഇന്ത്യയിൽ നിർമ്മിക്കുന്നത് സംബന്ധിച്ച് ടാറ്റ ഗ്രൂപ്പ് വിസ്‌ട്രോൺ കോർപ്പറേഷനുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. ഇരു കമ്പനികളും തമ്മിൽ കരാർ നടക്കുന്നുണ്ടെന്നും വിസ്‌ട്രോണിന്റെ ഇന്ത്യൻ പ്രവർത്തനങ്ങളിൽ ടാറ്റയും ഓഹരി വാങ്ങിയേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇതിനു പിന്നാലെയാണ് ഗൂഗിളും ഇന്ത്യയിൽ ഉത്പാദനം നടത്താൻ നീക്കങ്ങൾ ആരംഭിച്ചത്. അടുത്തിടെ ഗൂഗിൾ തങ്ങളുടെ പിക്സൽ ഫോണുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ ഇന്ത്യൻ നിർമ്മാതാക്കളിൽ നിന്ന് ടെണ്ടറുകൾ ക്ഷണിച്ചിരുന്നു. 5 മുതൽ 10 ലക്ഷം വരെ പിക്സൽ ഫോണുകൾ ഇന്ത്യയിൽ നിർമിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇതുവരെ ചൈനയിൽ മാത്രമാണ് ഗൂഗിൾ തങ്ങളുടെ മുൻനിര ഫോൺ നിർമ്മിക്കുന്നത്. എന്നാൽ കോവിഡ് -19 കാരണം, ചൈനയുടെ പ്രധാന സാങ്കേതിക കേന്ദ്രമായ ഷാങ്ഹായ് ഉൾപ്പെടെ പല നഗരങ്ങളിലും ലോക്ക്ഡൗൺ കാരണം വിതരണ ശൃംഖലയ്ക്ക് നഷ്ടം സംഭവിച്ചു. ഗൂഗിൾ ഉൾപ്പെടെയുള്ള പല ഹൈടെക് കമ്പനികളും ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ആഗ്രഹിക്കുന്നതിന്റെ കാരണം ഇതാണ്. വാർഷിക ഉൽപ്പാദനത്തിന്റെ 10 മുതൽ 20 ശതമാനം വരെ ഇന്ത്യയിലെത്തിക്കാനാണ് ഗൂഗിൾ ആലോചിക്കുന്നതെന്നാണ് സൂചന. ആപ്പിൾ അതിന്റെ പുതിയ ഐഫോൺ 14 സീരീസ് പുറത്തിറക്കിയത് അടുത്തിടെയാണ്. ഈ സീരീസിന് കീഴിൽ ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്‌സ് എന്നീ നാല് വേരിയന്റുകളുണ്ട്. അടിസ്ഥാന മോഡലിനൊപ്പം ഐഫോൺ 14 പ്രോ സീരീസ് ഫോണുകൾ ഇന്ത്യയിൽ നിർമ്മിക്കാനാണ് ആപ്പിൾ പദ്ധതിയിടുന്നത്. ഇതിൽ ടാറ്റ ഗ്രൂപ്പിന്റെയും വിസ്‌ട്രോണിന്റെയും പങ്കാളിത്തം ഒരു സുപ്രധാന ചുവടുവയ്പ്പായി മാറും.

أحدث أقدم