കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ കൈവശം കോഫെപോസ കരുതല്‍ തടങ്കല്‍ സംബന്ധിച്ച് സംസ്ഥാന ഡിജിപി അയച്ച കത്ത് എത്തിയതില്‍ അന്വേഷണം. ഹൈക്കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംസ്ഥാന പൊലീസ് മേധാവി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് അയച്ച രഹസ്യ കത്താണ് സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ പക്കലെത്തിയത്.
സംഭവം എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് പി ജി അജിത് കുമാറും അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവിയില്‍നിന്ന് കോടതി വിശദീകരണം തേടി.
സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മലപ്പുറം കാവനൂര്‍ സ്വദേശി ഫസലുറഹ്മാനും മറ്റു ചിലര്‍ക്കും എതിരേ കേന്ദ്ര ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ കോഫെപോസ നിയമപ്രകാരം കരുതല്‍തടങ്കലിന് ഉത്തരവിട്ടിരുന്നു. ഈ വിവരം അറിഞ്ഞ ഫസലുറഹ്മാന്‍ ഒളിവില്‍പ്പോയി. തടങ്കല്‍ ഉത്തരവ് ചോദ്യംചെയ്ത് ഫസലുറഹ്മാന്‍ ഹൈക്കോടതിയില്‍ ഹര്‍ജിയും നല്‍കി. ഇതോടൊപ്പം കത്തിന്റെ പകര്‍പ്പും ഹാജരാക്കി.
'സീക്രട്ട്' എന്ന് എഴുതിയ കത്ത് തടങ്കല്‍ ഉത്തരവ് നേരിടുന്ന ആള്‍ കോടതിയില്‍ ഹാജരാക്കിയത് ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. മറ്റൊരാളുടെ തടങ്കല്‍ ഉത്തരവ് നടപ്പാക്കുന്ന സമയത്ത് ഉത്തരവിനൊപ്പം സ്ഥലം സബ് ഇന്‍സ്‌പെക്ടര്‍ അബദ്ധത്തില്‍ രഹസ്യരേഖയുടെ പകര്‍പ്പും നല്‍കുകയായിരുന്നെന്നും അയാളില്‍ നിന്നായിരിക്കാം ലഭിച്ചതെന്നുമാണ് സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവി കോടതിയില്‍ വിശദീകരിച്ചത്. എന്നാല്‍ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.