യു.എ.ഇ : യുഎഇയിൽ കനത്ത മഞ്ഞുവീഴ്ച തുടരുന്നു. അർധ രാത്രി മുതൽ രാവിലെ 9 വരെയാണ് മഞ്ഞു വീഴ്ച. വാരാന്ത്യത്തിലും ഇത് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ യുഎഇയുടെ വിവിധ എമിറേറ്റുകളിൽ റെഡ്, യെലൊ അലർട്ട് നൽകിയിരുന്നു. മഞ്ഞുള്ള സമയം വാഹനം ഓടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പു നൽകി. മഞ്ഞുവീഴ്ചയുള്ളപ്പോൾ വേഗം കുറച്ചും മുന്നിലുള്ള വാഹനങ്ങളുമായി സുരക്ഷിത അകലം പാലിച്ചും വാഹനം ഓടിക്കണം. ലോ ബീം ലൈറ്റ് മാത്രമേ ഉപയോഗിക്കാവൂ. ഓവർടേക്കിങ്, ലെയ്ൻ മാറ്റം എന്നിവ പാടില്ല. ദൂരക്കാഴ്ച കുറഞ്ഞാൽ വാഹനം റോഡിൽനിന്നും സുരക്ഷിത അകലത്തിലേക്ക് മാറ്റി നിർത്തിയിട്ട ശേഷം ഹസാഡ് ലൈറ്റ് ഇടാം. മണൽക്കാറ്റ്, മഴ, മൂടൽമഞ്ഞ്, പൊടിക്കാറ്റ് തുടങ്ങി അസ്ഥിര കാലാവസ്ഥകളിൽ വേഗപരിധി മണിക്കൂറിൽ 80 കി.മീ ആയി കുറയും. നിയമലംഘകർക്ക് 1000 ദിർഹം പിഴയും 4 ബ്ലാക് പോയിന്റുമാണ് ശിക്ഷ. മഞ്ഞുള്ള സമയത്ത് ലോ ബീം ലൈറ്റിടാതെ (ഫോഗ് ലൈറ്റ്) വാഹനമോടിച്ചാൽ 500 ദിർഹം പിഴയും നാലു ബ്ലാക്ക് പോയിന്റുമുണ്ട്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് റോഡിൽ സ്ഥാപിച്ച ഡിജിറ്റൽ ബോർഡ്, എസ്എംഎസ്, റേഡിയോ സമൂഹമാധ്യമങ്ങൾ എന്നിവ വഴി നൽകുന്ന മുന്നറിയിപ്പ് ജനം അവഗണിക്കരുതെന്നും പൊലീസ് ഓർമപ്പെടുത്തി.
യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; ഡ്രൈവർമാർ ജാഗ്രത പാലിക്കണം, വിവിധ മേഖലകളിൽ മഴ
jibin
0
Tags
Top Stories