ലോകകപ്പ്; ചൈനയുടെ സമ്മാനമായ ഭീമൻ പാണ്ടകൾ ഒക്ടോബറിൽ ഖത്തറിലെത്തും


ദോഹ: ചൈനയുടെ ലോകകപ്പ് സമ്മാനമായ രണ്ട് ഭീമൻ പാണ്ടകൾ ഒക്ടോബറോടെ ഖത്തറിലെത്തും. പാണ്ടകളുടെ നാട് എന്നറിയപ്പെടുന്ന ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ നിന്നുള്ളവയാണ് ഇവ. നവംബർ 20 മുതൽ ഡിസംബർ 18 വരെ രാജ്യത്ത് നടക്കുന്ന ഫിഫ ലോകകപ്പ് ഖത്തർ 2022 പ്രമാണിച്ച് ഖത്തറിന് ചൈന നൽകുന്ന സമ്മാനമാണ് പാണ്ടകളെന്ന് രാജ്യത്തെ ചൈനീസ് അംബാസഡർ ഷൗ ജിയാൻ പറഞ്ഞു.  പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിതമായതിന്റെ 73-ാം വാർഷികത്തോടനുബന്ധിച്ച് ദോഹയിൽ നടന്ന സ്വീകരണ പരിപാടിയിലാണ് അംബാസഡർ ഇക്കാര്യം അറിയിച്ചത്. ഖത്തർ ലോകകപ്പിനായി 1.4 ബില്യൺ ചൈനക്കാർ സമ്മാനിച്ച സമ്മാനമാണിത്, ഇത് തീർച്ചയായും ചൈന-ഖത്തർ സൗഹൃദത്തിന്റെ പുതിയ പ്രതീകമായി മാറുമെന്നും അംബാസിഡർ കൂട്ടിച്ചേർത്തു.  ‘സുഹൈൽ’, ‘തുറയ’ എന്നീ പേരുള്ള രണ്ട് പാണ്ടകളെ ഒക്ടോബറിൽ രാജ്യത്തേക്ക് കൊണ്ടുവരുമെന്ന് അംബാസഡർ പറഞ്ഞു. ഗൾഫ് മേഖലയിൽ ദൃശ്യമാകുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രങ്ങളിലൊന്നാണ് സുഹൈൽ, പ്ലീയാഡ്സ് നക്ഷത്രസമൂഹത്തിന്റെ അറബി നാമമാണ് തുറയ. അൽ ഖോർ പാർക്കിലേക്കാണ് പാണ്ടകളെ കൊണ്ടുവരിക. 

أحدث أقدم