അഹമ്മദാബാദ്: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഗർബ നൃത്തം കാണാൻ എത്തിയ മുസ്ലിം യുവാക്കൾക്ക് നേരെ ആക്രമണം. ബജരംഗ്‍ ദൾ പ്രവർത്തകരാണ് യുവാക്കളെ ആക്രമിച്ചത്. സ്ത്രീകളെ ആക്രമിക്കാനും മോഷണം നടത്താനും എത്തിയവരെന്ന് ആരോപിച്ചായിരുന്നു ആക്രമണം. അഹമ്മദാബാദിലെ എസ്‍പി റിങ്ങ് റോഡിനടുത്തുള്ള മൈതാനത്ത് ആയിരുന്നു സംഭവം. അതേസമയം സംഭവത്തിൽ കേസെടുത്തില്ലെന്ന് പൊലീസ് വ്യക്തമാക്കി. പരാതികളൊന്നും കിട്ടാത്ത സാഹചര്യത്തിലാണ് കേസെടുക്കാത്തതെന്നും പൊലീസ് വിശദീകരിച്ചു. ഗർബ നൃത്തം നടക്കുന്ന ഇടങ്ങളിൽ പരിശോധന തുടരുമെന്ന് ബജരംഗ്‍ ദൾ വ്യക്തമാക്കിയിട്ടുണ്ട്.
നവരാത്രി ആഘോഷ വേദികളിൽ മറ്റ് മതസ്ഥർ പങ്കെടുക്കുന്നത് തടയാൻ വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദൾ വളണ്ടിയർമാർ രണ്ടിടത്ത് പരിശോധന നടത്തിയിരുന്നു. ഗർബ ഗ്രൗണ്ടിൽ നിന്ന് 4 മുസ്ലീം യുവാക്കളെ സംഘടന പിടികൂടി. ചോദ്യം ചെയ്യലിനിടെ ചിലർ ഇവരെ ക്രൂരമായി മർദിക്കുകയും യുവാക്കളെ പുറത്തേക്ക് തല്ലിയോടിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി ഉണ്ടായ സംഭവത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. എന്നാൽ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. വരും ദിവസങ്ങളിലും സർപ്രൈസ് പരിശോധന തുടരുമെന്ന് വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദൾ നേതാക്കൾ പറഞ്ഞു. ചില മതവിരുദ്ധർ ഹിന്ദു പെൺകുട്ടികളെ പീഡിപ്പിക്കാനും, ലൗ ജിഹാദിനും വേണ്ടി മനഃപൂർവം പ്രകോപനം സൃഷ്ടിക്കുകയാണെന്ന് ഇവർ ആരോപിച്ചു.