വൈദ്യുതി ബില്ലിന്‍റെ പേരിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി


തിരുവനന്തപുരം: വൈദ്യുതി ബില്ലിന്‍റെ പേരിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്. വ്യാജസന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും കെ.എസ്.ഇ.ബി അയക്കുന്ന സന്ദേശങ്ങളിള്‍ 13 അക്ക കണ്‍‍സ്യൂമര്‍ നമ്പര്‍, അടയ്ക്കേണ്ട തുക, പണമടയ്ക്കാൻ ലിങ്ക് തുടങ്ങിയ വിവരങ്ങള്‍ ഉള്‍‍പ്പെടുത്തിയിരിക്കുമെന്നും വൈദ്യുതി ബോർഡ് അറിയിച്ചു. ഉപഭോക്താവിന്‍റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഒ.ടി.പി തുടങ്ങിയവ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടില്ല. തട്ടിപ്പുകള്‍‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ബോർഡ് അഭ്യർഥിച്ചു.*

*എത്രയും വേഗം ബില്ലടച്ചില്ലെങ്കില്‍ ഇന്ന് രാത്രി വൈദ്യുതി വിച്ഛേദിക്കുമെന്ന തരത്തില്‍ ചില വ്യാജ വാട്സ്ആപ് സന്ദേശങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതായി കണ്ടെത്തി. കെ.എസ്.ഇ.ബിയുടെ ലോഗോ പ്രൊഫൈല്‍ ചിത്രമാക്കിയ ഫോണ്‍‍ നമ്പറുകളില്‍ നിന്നാണ് വ്യാജ വാട്സ്ആപ് സന്ദേശങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചത്. മുൻ മാസത്തെ ബില്‍ കുടിശ്ശികയായതിനാല്‍ ഇന്ന് രാത്രി 10.30ഓടെ വൈദ്യുതി വിച്ഛേദിക്കുമെന്നും ബില്‍ അടച്ചിട്ടുണ്ടെങ്കില്‍ ബില്‍ വിശദാംശങ്ങള്‍ അയക്കണമെന്നുമാണ് സന്ദേശം.

*സന്ദേശത്തിലെ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടാല്‍ കെ.എസ്.ഇ.ബിയുടെ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന സംസാരിച്ച് പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടും. തുടര്‍ന്ന്, ഉപഭോക്താവിന്‍റെ ബാങ്ക് വിവരങ്ങള്‍ തട്ടിപ്പുകാർ കൈക്കലാക്കി പണം കവരുകയാണെന്നും ബോർഡ് മുന്നറിയിപ്പ് നൽകി.*

أحدث أقدم