ബംഗലൂരു: കേരളം മുന്നോട്ടുവെച്ച മൂന്നു റെയില്‍പാത നിര്‍ദേശങ്ങളും കര്‍ണാടക തള്ളി. തലശ്ശേരി-മൈസൂരു, നിലമ്പൂര്‍- നഞ്ചന്‍കോട്, കാഞ്ഞങ്ങാട്- കാണിയൂര്‍ റെയില്‍പ്പാത പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് കേരളം കര്‍ണാടകയുടെ സഹകരണം തേടിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പദ്ധതികള്‍ നടപ്പാക്കാനാവില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബൊമ്മെ അറിയിച്ചു.
പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെയും വന്യജീവി സങ്കേതങ്ങളിലൂടെയും കടന്നുപോകുന്ന ഈ പാതകള്‍ കര്‍ണാടക നേരത്തെ തള്ളിയതാണെന്നും അംഗീകരിക്കാനാകില്ലെന്ന് വീണ്ടും അറിയിച്ചുവെന്നും ബൊമ്മെ പറഞ്ഞു. അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതി നീട്ടല്‍ മുഖ്യമന്ത്രി തല ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടില്ല.
അതേസമയം കാഞ്ഞങ്ങാട്- പാണത്തൂര്‍-കാണിയൂര്‍ റെയില്‍വേ ലൈന്‍ പദ്ധതി കര്‍ണാടക സര്‍ക്കാര്‍ പരിശോധിക്കുമെന്നും ഇതിനാവശ്യമായ സാമ്പത്തിക സഹായം നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി ബൊമ്മെ അറിയിച്ചുവെന്നാണ് കേരള സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നത്.
കാസര്‍കോട്, ദക്ഷിണ കന്നഡ ജില്ലകളെ ബന്ധിപ്പിക്കുന്ന കാഞ്ഞങ്ങാട്- കാണിയൂര്‍ പാതയില്‍, പാണത്തൂര്‍ വരെ 40 കിലോമീറ്റര്‍ കേരളത്തിലും, തുടര്‍ന്നുള്ള 31 കിലോമീറ്റര്‍ കര്‍ണാടകയിലുമാണ്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെ കടന്നുപോകുന്നത് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക എതിര്‍ക്കുന്നത്.
നാഗര്‍ഹോളെ, ബന്ദിപ്പൂര്‍ ദേശീയ ഉദ്യാനങ്ങളിലൂടെ കടന്നുപോകുന്നതിനാല്‍ തലശ്ശേരി-മൈസൂരു, നിലമ്പൂര്‍-നഞ്ചന്‍കോട് പാതകളെയും കര്‍ണാടക എതിര്‍ക്കുന്നു. വനമേഖലയില്‍ നിര്‍മ്മാണം അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി, ഇവിടങ്ങളില്‍ ഭൂഗര്‍ഭ റെയില്‍പ്പാതയെന്ന കേരളത്തിന്റെ നിര്‍ദേശവും കര്‍ണാടക തള്ളി. ബന്ദിപ്പൂര്‍ വഴി കൂടുതല്‍ ബസ് സര്‍വീസ് അനുവദിക്കണമെന്ന ആവശ്യവും കര്‍ണാടക നിരസിച്ചു.