'സമ്പന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ബ്രെയിന്‍ വാഷ് ചെയ്ത് ഇസ്ലാമാക്കുന്നു; ന്യൂനപക്ഷങ്ങളുടെ താളത്തിനൊത്ത് സര്‍ക്കാര്‍ തുള്ളുന്നു'- വെള്ളാപ്പള്ളി




കൊച്ചി: കേരളത്തില്‍ ലൗ ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

ലൗ ജിഹാദ് കൂടുതലായി തന്നെ നില്‍ക്കുന്നുണ്ട്. പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന സമ്പന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ഇസ്ലാം മതത്തിലേക്ക് ചേര്‍ക്കുന്നതിനായി സഹപാഠികള്‍ ബ്രെയിന്‍ വാഷ് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. 

മത പരിവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ക്രിസ്ത്യന്‍ സമൂഹത്തിലെ ഒരു വിഭാഗമാണെന്നും അദ്ദേഹം തുറന്നടിച്ചു. ക്രിസ്ത്യന്‍ സമൂഹം മൊത്തത്തില്‍ അങ്ങനെയല്ല. എന്നാല്‍ മിക്ക മത പരിവര്‍ത്തനങ്ങള്‍ക്ക് പിന്നിലും ക്രിസ്ത്യന്‍ സമൂഹത്തിലെ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. മതപരിവര്‍ത്തനത്തിന് കോടികളാണ് അവര്‍ ചെലവഴിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും ന്യൂനപക്ഷങ്ങളേയും മുന്നോക്കക്കാരേയും പ്രീണിപ്പിക്കുന്ന തിരക്കിലാണ്. അടുത്തിടെ നടന്ന ചില സംഭവങ്ങള്‍ ഈ വസ്തുത തെളിയിക്കുന്നു. ആലപ്പുഴ ജില്ലാ കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാര്യത്തില്‍ സര്‍ക്കാര്‍ മുസ്ലീം സംഘടനകള്‍ക്ക് മുന്നില്‍ പതറി. ഇത് പൊതുജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കിയത്. സര്‍ക്കാര്‍ ജനാധിപത്യത്തില്‍ നിന്ന് പിന്നോക്കം പോയെന്നും മത ഗ്രൂപ്പുകളുടെ സമ്മര്‍ദത്തിന് മുന്നില്‍ തലകുനിച്ചതായും വെള്ളാപ്പള്ളി ആരോപിച്ചു.

ന്യൂനപക്ഷങ്ങളുടെയും മുന്നോക്ക സമുദായങ്ങളുടെയും താളത്തിനൊത്ത് ഇടതു സര്‍ക്കാര്‍ തുള്ളുകയാണ്. ലത്തീന്‍ സമുദായം ന്യൂനപക്ഷം മാത്രമാണെങ്കിലും വിഴിഞ്ഞം കേസില്‍ ഇടതു സര്‍ക്കാര്‍ അവര്‍ക്ക് മുന്നില്‍ തലകുനിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ 96 ശതമാനം ജീവനക്കാരും മുന്നോക്ക സമുദായത്തില്‍ നിന്നുള്ളവരാണ്. റിക്രൂട്ട്മെന്റിനെ നിയന്ത്രിക്കുന്ന മാനദണ്ഡങ്ങള്‍ മുന്നോക്ക സമുദായത്തിന് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. 

മുന്നോക്ക സമുദായങ്ങള്‍ മൊത്തം ജനസംഖ്യയുടെ 15 ശതമാനം മാത്രമാണെങ്കിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 10 ശതമാനം സീറ്റുകള്‍ ആ സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. പാര്‍ട്ടിയില്‍ ചേരാന്‍ സഭയെ തള്ളിപ്പറയേണ്ടിവരുമെന്ന് ക്രിസ്ത്യന്‍ സമുദായ നേതാക്കളോട് സിപിഎം നേരത്തെ പറഞ്ഞിരുന്നു. ഇപ്പോള്‍, അതേ പാര്‍ട്ടിയുടെ നേതാക്കള്‍ ബിഷപ്പുമാരെയും വൈദികരെയും കാണാന്‍ കാത്തിരിക്കുന്നു. 

രാഷ്ട്രീയ പാര്‍ട്ടികള്‍ ഈഴവ സമുദായത്തിലെ യുവാക്കളെ തങ്ങളുടെ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നു. അവര്‍ രക്തസാക്ഷികളാകാനും പാര്‍ട്ടികള്‍ ആഗ്രഹിക്കുന്നു. പിണറായി വിജയന്‍ ഈഴവനാണ്. എന്നാല്‍ അദ്ദേഹത്തിന് ശേഷം സിപിഎമ്മില്‍ ആരുണ്ട്? കോണ്‍ഗ്രസിലെ ഏക ഈഴവ നേതാവാണ് കെ സുധാകരന്‍ എന്നാല്‍ പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ സ്ഥാനം വളരെ പരിതാപകരമാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ നായരോ ക്രിസ്ത്യാനിയോ ആയിരിക്കും മുഖ്യമന്ത്രിയാകുക.

ബിജെപി ഈഴവ സമുദായത്തിന് മികച്ച പ്രാതിനിധ്യം നല്‍കില്ല. കാരണം, അവര്‍ ഈഴവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചാല്‍ നായര്‍ സമുദായം അവര്‍ക്ക് വോട്ട് ചെയ്യില്ല. തെരഞ്ഞെടുപ്പ് ഫലം നോക്കിയാല്‍ അതു വ്യക്തമാകും. ബിജെപിയിലെ ഈഴവ വോട്ടര്‍മാര്‍ ജാതി സമവാക്യങ്ങള്‍ പരിഗണിക്കാതെ തങ്ങളുടെ സ്ഥാനാര്‍ഥികളെ പിന്തുണച്ചപ്പോള്‍ മുന്നോക്ക സമുദായാംഗങ്ങള്‍ ഈഴവ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്തില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
أحدث أقدم