നിരോധനത്തിന് ഒപ്പം നില്‍ക്കുന്നു'; വേരോടെ പിഴുതെറിയണമെന്ന് എം കെ മുനീര്‍

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയ നടപടിക്ക് ഒപ്പം നില്‍ക്കുന്നുവെന്ന് മുസ്ലീം ലീഗ് നേതാവ് എം കെ മുനീര്‍. പല സ്ഥലങ്ങളില്‍ നിരവധി അക്രമണങ്ങള്‍ അഴിച്ചുവിട്ടിട്ടുള്ള സംഘടനയാണ് പിഎഫ്‌ഐ എന്നും, പുതിയ തലമുറയെ വഴിതെറ്റിക്കുന്ന മുദ്രാവാക്യമാണ് അവര്‍ മുഴക്കുന്നതെന്നും മുനീര്‍ പ്രതികരിച്ചു. 'സിമി എന്ന സംഘടനെ നിരോധിച്ചു, അതാണ് പിന്നീട് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും പോപ്പുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ടും ഒക്കെ ആയി മാറിയത്. തക്കതായ കാരണങ്ങള്‍ കണ്ടെത്തി സംഘടന നിരോധിച്ചിട്ടുണ്ടെങ്കില്‍ ആ നിലപാടിനൊപ്പം നില്‍ക്കുന്നു. പണ്ട് ആര്‍എസ്എസും നിരോധിച്ചിരുന്നു. എന്നാല്‍ ആര്‍എസ്എസ് കൂടുതല്‍ ഊര്‍ജസ്വലതയോടെ തിരിച്ചുവരികയാണ് ചെയ്തത്. ഇതിനെ ആശയപരമായി നേരിടുകയും വേരോടെ പിഴുതെറിയുകയും ചെയ്യണം. അല്ലെങ്കില്‍ ഇത് അമീബ പോലെയാണ്, പല രൂപത്തില്‍ മാറി മാറി വരും', മുനീര്‍ പറഞ്ഞു.

ഇത്തരത്തിലുള്ള നിരോധനങ്ങള്‍ സാധാരണ രാജ്യത്ത് നടക്കാറുള്ളതാണ്. പല കാലഘട്ടങ്ങളില്‍, സന്ദര്‍ഭങ്ങളില്‍ അവരുടെ പ്രവര്‍ത്തികള്‍ നോക്കി പ്രസ്ഥാനങ്ങളെ നിരോധിക്കാറുണ്ട്. വഴിതെറ്റിപ്പോയിട്ടുള്ള ചെറുപ്പക്കാരോട് പറയാനുള്ളത്, നിങ്ങള്‍ ഈ ആശയത്തെ കൈവെടിയുക. സമാധാനാന്തരീക്ഷത്തില്‍ സെക്കുലര്‍ ശക്തികള്‍ക്കൊപ്പം ഒന്നിച്ചു നിന്നാല്‍ മാത്രമേ ഫാസിസത്തെ നേരിടാന്‍ സാധിക്കൂ. ആര്‍എസ്എസ് എന്ന വിപത്തിനെയും നേരിടേണ്ടതുണ്ട്. അവര്‍ക്ക് ശക്തിപകരുന്ന രീതിയിലുള്ള സംഭവവികാസങ്ങളല്ല ഉണ്ടാകേണ്ടത്', എം കെ മുനീര്‍ കൂട്ടിച്ചേര്‍ത്തു. നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് അഞ്ച് വര്‍ഷത്തേക്കാണ് പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. സംഘടന ഓഫീസുകളിലും നേതാക്കന്മാരുടെ വസതികളിലും അടക്കം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തുടര്‍ച്ചയായി റെയ്ഡ് നടത്തുന്നതിനിടെയാണ് നിരോധനം.
أحدث أقدم