ന്യൂഡൽഹി: അക്രമകാരികളായ തെരുവ് നായകളെ കൊല്ലാൻ അനുമതി ആവശ്യപ്പെട്ട് തേടി കേരളത്തിലെ രണ്ട് തദ്ദേശ സ്ഥാപനങ്ങൾ സുപ്രീം കോടതിയെ സമീപിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്തും, കോഴിക്കോട് കോർപറേഷനുമാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.ഇരുസ്ഥാപനങ്ങളും സുപ്രീംകോടതിയിൽ കക്ഷി ചേരൽ അപേക്ഷ ഫയൽ ചെയ്തു.
കണ്ണൂർ ജില്ലാ പഞ്ചായത്തിനെ അഭിമുഖീകരിച്ച് പി.പി.ദിവ്യയും കോഴിക്കോട് ജില്ലാ കോർപറേഷനു വേണ്ടി സെക്രട്ടറി ബിനി കെ.യുവുമാണ് സുപ്രീംകോടതിയിൽ കക്ഷി ചേരൽ അപേക്ഷ ഫയൽ ചെയ്തിരിക്കുന്നത്. 1994-ലെ പഞ്ചായത്തി രാജ് നിയമത്തിലും മുൻസിപ്പാലിറ്റി നിയമത്തിലും മനുഷ്യന് ഭീഷണി സൃഷ്ടിക്കുന്ന അക്രമകാരികളായ തെരുവ് നായകൾ, പന്നികൾ എന്നിവയെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകിയിരുന്നു. എന്നാൽ 2001-ലെ എബിസി ചട്ടങ്ങൾ നിലവിൽ വന്നതിന് ശേഷം തെരുവ് നായകളെ കൊല്ലുന്നതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് ഇല്ലെന്ന് കേരള ഹൈക്കോടതി വിധി നിലവിൽ വന്നു.
ഹൈക്കോടതിയുടെ ഈ വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടികൊണ്ടാണ് തദ്ദേശ സ്ഥാപനങ്ങൾ സുപ്രീം കോടതിയിൽ കക്ഷി ചേരൽ അപേക്ഷ ഫയൽ ചെയ്തിരിക്കുന്നത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പരിധിയിലും കോഴിക്കോട് കോർപറേഷൻ പരിധിയിലും നടന്ന തെരുവ് നായ ആക്രമണങ്ങളുടെ കണക്കുകളും അപേക്ഷയിൽ വിശദീകരിച്ചിട്ടുണ്ട്. അഭിഭാഷകരായ കെ.ആർ. സുഭാഷ് ചന്ദ്രൻ, ബിജു പി.രാമൻ എന്നിവരാണ് രണ്ട് അപേക്ഷകളും ഫയൽ ചെയ്തിരിക്കുന്നത്.
ഇതിനിടയിൽ കേരളത്തിൽ തെരുവ് നായകൾ ഉൾപ്പടെയുള്ള മൃഗങ്ങൾക്ക് എതിരെ വ്യാപകമായി അതിക്രമം നടക്കുന്നുവെന്ന് ആരോപിച്ച് നൽകിയ ഹർജി അടിയന്തിരമായി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഇന്ന് അഭിഭാഷകർ ആവശ്യപ്പെട്ടു. ആവശ്യം നാളെ ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഉന്നയിക്കാൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചു.