പോപ്പുലർ ഫ്രണ്ടിനെ പൂട്ടാൻ വീണ്ടും വ്യാപക റെയ്ഡ്; എട്ട് സംസ്ഥാനങ്ങളിൽ പരിശോധന, നിരവധി പേർ പിടിയിൽ


ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെതിരെ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിൽ പരിശോധന. ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) മറ്റ് അന്വേഷണ ഏജൻസികളും സംയുക്തമായിട്ടാണ് പരിശോധന നടത്തുന്നത്. നിരവധി പിഎഫ്ഐ അംഗങ്ങളെ കസ്റ്റഡിയിലെടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കർണാടക, അസം, യുപി, മഹാരാഷ്ട്ര, ന്യൂഡൽഹി, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ റെയ്ഡ് പുരോഗമിക്കുകയാണ്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ പോലീസ് നടത്തിയ റെയ്ഡിൽ അസമിലെ കാംരൂപ് ജില്ലയിലെ നാഗർബെര മേഖലയിൽ നിന്ന് ഏഴ് പിഎഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്തു.  കർണാടകയിൽ 45ലധികം പിഎഫ്‌ഐ പ്രവത്തകരെ പിടികൂടി. മംഗളൂരുവിൽ നിന്ന് പത്ത് പേരെയും ഉഡുപ്പിയിൽ നിന്ന് മൂന്ന് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കർണാകയിലെ ചാമരാജ് നഗർ, കൽബുർഗി എന്നിവടങ്ങളിൽ റെയ്ഡ് തുടരുകയാണ്.  പൂനെയിൽ ആറ് പി എഫ് ഐ പ്രവർത്തകരെയാണ് പോലീസ് പിടികൂടിയത്. ഉത്തർപ്രദേശിലെ സിയാന, സരൂർപൂർ, മീററ്റിലെ ലിസ്രി ഗേറ്റ് എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാത്രി മുതൽ റെയ്ഡ് തുടരുകയാണ്. മീററ്റ്, ബുലന്ദ്ഷഹർ, സീതാപൂർ എന്നിവിടങ്ങളിൽ നിന്ന് നിരവധി പേരെ കസ്റ്റഡിയിലെടുത്തു. അന്വേഷണ ഏജൻസികൾക്കൊപ്പം ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിന്റെയും ലോക്കൽ പോലീസിൻ്റെയും നേതൃത്വത്തിലാണ് തിങ്കളാഴ്ച രാത്രി മുതൽ ഡൽഹിയിൽ പരിശോധനയും റെയ്ഡും നടക്കുന്നത്. ഷഹീൻ ബാഗ്, ജാമിയ പ്രദേശങ്ങളിൽ നടന്ന പരിശോധനയിൽ 12 പേരെ കസ്റ്റഡിയിലെടുത്തു. കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാ പ്രദേശ്, തെലങ്കാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള 15 സംസ്ഥാനങ്ങളിലെ 93 സ്ഥലങ്ങളിൽ എൻഐഎയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) കഴിഞ്ഞ വ്യാഴാഴ്ച പരിശോധന നടത്തിയിരുന്നു.

أحدث أقدم