വഴക്ക് പറഞ്ഞതിലെ പക; യുപിയില്‍ പ്രിന്‍സിപ്പലിന് നേരെ മൂന്ന് റൗണ്ട് വെടിയുതിര്‍ത്ത് പ്ലസ് ടു വിദ്യാര്‍ഥി


ഉത്തര്‍പ്രദേശ് : സ്‌കൂള്‍ പ്രിന്‍സിപ്പലിന് നേരെ വെടിവച്ച് പ്ലസ് ടു വിദ്യാര്‍ഥി. ഉത്തര്‍പ്രദേശിലെ സീതപൂരിലാണ് സംഭവം നടന്നത്. അധ്യാപകന് നേരെ വിദ്യാര്‍ഥി മൂന്ന് റൗണ്ട് വെടിയുതിര്‍ത്തു. അധ്യാപകന്റെ നില ഗുരുതരമായി തുടരുകയാണ്. ആദര്‍ശ് രാംസ്വരൂപ് വിദ്യാലയത്തിലെ പ്രിന്‍സിപ്പലായ രാം വെര്‍മയ്ക്കാണ് വെടിയേറ്റത്. ഇന്നലെ വിദ്യാര്‍ഥി മറ്റ് കുട്ടികളുമായി വഴക്കുണ്ടാക്കിയപ്പോള്‍ പ്രിന്‍സിപ്പല്‍ ഇടപെട്ടിരുന്നു. ഇതിന്റെ പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണത്തിന് ശേഷം വിദ്യാര്‍ഥി സംഭവ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടെന്നാണ് എഎസ്പി സൗത്ത് എന്‍പി സിംഗ് പറയുന്നത്. വിദ്യാര്‍ഥി ഉപയോഗിച്ചത് ലൈസന്‍സില്ലാത്ത തോക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. അധ്യാപകന് നേരെ വെടിയുതിര്‍ത്ത വിദ്യാര്‍ഥിയെ കണ്ടെത്താനായി രണ്ട് പ്രത്യേകസംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. സര്‍ദാര്‍പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. മറ്റിടങ്ങളിലേക്കും പൊലീസ് തെരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.

أحدث أقدم