സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഒരുമാസത്തെ ശമ്പളമില്ല; ഡയസ്‌നോണ്‍ ബാധകമാക്കുമെന്ന് കെഎസ്ആര്‍ടിസി



 




തിരുവനന്തപുരം : തൊഴിലാളി സംഘടനയായ ടിഡിഎഫ് ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ പ്രഖ്യാപിച്ച സമരത്തെ നേരിടുമെന്ന് കെഎസ്ആര്‍ടിസി മാനേജ്മെന്റ്. സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ ബാധകമാക്കും. സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് സെപ്റ്റംബര്‍ മാസത്തെ ശമ്പളം നല്‍കില്ലെന്നും മാനേജ്മെന്റ് മുന്നറിയിപ്പ് നല്‍കി.

ജീവനക്കാര്‍ക്ക് പുതിയ ഡ്യൂട്ടി സമ്പ്രദായം കൊണ്ട് ബുദ്ധിമുട്ടുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ പരിശോധിച്ച് ആറ് മാസത്തിനകം അതിന് വേണ്ട മാറ്റം വരുത്താമെന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയതാണ്. അന്ന് യോഗത്തില്‍ എല്ലാം സമ്മതിച്ച ശേഷം പുറത്തിറങ്ങി സമരം പ്രഖ്യാപിച്ച് നോട്ടീസ് നല്‍കിയത് ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാരോടും യാത്രക്കാരോടുമുള്ള വെല്ലുവിളിയായിട്ടാണ് മാനേജ്മെന്റ് കാണുന്നത്. അതിനാല്‍ സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്നോന്‍ ബാധകമാക്കുമെന്നും മാനേജ്മെന്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കെഎസ്ആര്‍ടിസി ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണ്. അതിന്റെ ഉത്തമ ഉദാഹരണമാണ് തൊഴിലാളികള്‍ ഒറ്റക്കെട്ടായി പ്രയത്നിച്ചതിന്റെ ഫലമായി ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവര്‍ത്തി ദിനം സ്ഥാപനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനമായ 8.4 കോടി രൂപ നേടാനായത്. അടുത്തമാസം അഞ്ചിന് മുന്‍പായി സര്‍ക്കാര്‍ സഹായത്തോടെ തന്നെ ശമ്പളം നല്‍കാനാണ് നിലവില്‍ മാനേജ്മെന്റിന്റ് തീരുമാനം. എന്നാല്‍ സമരത്തില്‍ പങ്കെടുക്കുന്ന ഒരു ജീവനക്കാരനും സെപ്റ്റംബര്‍ മാസത്തെ ശമ്പളം നല്‍കില്ലെന്നും മാനേജ്മെന്റ് മുന്നറിയിപ്പ് നല്‍കി.

കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്ന ജനങ്ങള്‍ക്ക് ഏതെങ്കിലും രീതിയില്‍ ബുദ്ധമുട്ട് ഉണ്ടാക്കുകയോ, സര്‍വീസിന്റെ പ്രവര്‍ത്തനങ്ങളോ, ജീവനക്കാര്‍ക്കുള്ള ജോലി തടസമാകുന്ന തരത്തില്‍ സമരമുറയുമായി മുന്നോട്ട് പോയാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും നിയമലംഘന പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടാല്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കേസ് ഉള്‍പ്പെടുയുള്ള നടപടികള്‍ സ്വീകരിക്കാനും യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ഷെഡ്യൂളുകള്‍ മുടങ്ങാതിക്കാനുള്ള താല്‍ക്കാലിക നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ യൂണിറ്റ് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.


أحدث أقدم