സ്കൂൾ വിട്ട സമയത്ത് സ്കൂളിൽ കടന്ന് ബാത്റൂമിൽ വെച്ച് കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പോലീസ് പിടിയിൽ

കോഴിക്കോട് കല്ലായി ചക്കുംകടവ് സ്വദേശി നടുംപുരയ്ക്കൽ ജയേഷ്(32) ആണ് അറസ്റ്റിലായത്. പ്രമാദമായ സുന്ദരിയമ്മ വധക്കേസിൽ സംശയത്തിന്‍റെ ആനുകൂല്യത്തിൽ കോടതി വെറുതെവിട്ട ആളാണ് നിലവിൽ പോക്സോ കേസിൽ അറസ്റ്റിലായ ജയേഷ്. വൈകുന്നേരം സ്കൂൾ വിടുന്ന സമയം നോക്കി കുട്ടികളെ കൂട്ടുന്നതിനായി വന്ന രക്ഷിതാക്കൾക്കും ഓട്ടോ ഡ്രൈവർമാർക്കുമൊപ്പം സമർത്ഥമായി സ്കൂൾ കോമ്പൗണ്ടിൽ പ്രവേശിച്ച ശേഷമാണ് സ്കൂളിന്‍റെ മൂത്രപ്പുരയിൽ എത്തിയാണ് പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതാണ് കേസിൽ നിർണായകമായി മാറിയത്. സുന്ദരിയമ്മ കൊലക്കേസിൽ പ്രതിയായിരുന്ന ജയേഷ് ആണ് പ്രതി എന്ന് സിസിടിവി പരിശോധനയിൽ പോലീസിന് സംശയം തോന്നുകയായിരുന്നു. മുൻപ് ജയേഷിനെ കുറിച്ച് ചാനലുകളിൽ വന്ന വാർത്തകളിലെ ദൃശ്യങ്ങൾ ശേഖരിച്ച് സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനെ കാണിച്ചതിൽ ജയേഷ് തന്നെയാണ് പ്രതിയെന്ന സംശയം ബലപ്പെടുകയും ചെയ്തു. പ്രായപൂർത്തിയാവാത്ത കുട്ടിയെ കടത്തികൊണ്ടുപോയതിന് ജയേഷിനെതിരെ ടൗൺ പോലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്.

കോഴിക്കോട് സൗത്ത് ബീച്ച് പരിസരത്ത് വെച്ച് പോലീസ് സമർത്ഥമായി പ്രതിയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. പ്രാഥമിക തെളിവെടുപ്പിന് ശേഷം പ്രതിയെ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി നാലിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
أحدث أقدم