ബഹ്‌റൈനില്‍ ആദ്യ കുരങ്ങുപനി സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് വിദേശത്ത് നിന്നെത്തിയ യുവാവിന്


മനാമ: ബഹ്‌റൈനില്‍ ആദ്യ കുരങ്ങു വസൂരി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അടുത്തിടെ വിദേശ രാജ്യത്തില്‍ നിന്ന് ബഹ്‌റൈനില്‍ എത്തിയ 29കാരനായ പ്രവാസിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ഐസൊലേഷനിലേക്ക് മാറ്റിയതായും ആവശ്യമായ ചികിത്സകള്‍ നല്‍കി വരുന്നതായും മന്ത്രാലയം അറിയിച്ചു. രോഗം മറ്റുള്ളവരിലേക്ക് വ്യാപിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചതായി മന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച് ബഹ്‌റൈന്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരെ മുഴുവന്‍ കണ്ടെത്തി ഐസൊലേഷനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കുരങ്ങ് വസൂരിക്കെതിരെ ആഗോള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം മുന്‍കൂട്ടി സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു. രോഗലക്ഷണങ്ങള്‍ കാണുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും പരിശോധനക്കും ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.  കുരങ്ങ് വസൂരിക്കെതിരെ ആഗോള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള മുന്‍കരുതല്‍ നടപടികള്‍ മുന്‍കൂട്ടി തന്നെ സ്വീകരിച്ച രാജ്യങ്ങളിലൊന്നാണ് ബഹ്‌റൈന്‍. മെഡിക്കല്‍ ഉപകരണങ്ങളും സംവിധാനങ്ങളും പരിശോധനാ കേന്ദ്രങ്ങളും ഇതിനായി നേരത്തേ തന്നെ ഒരുക്കിയരുന്നു. കുരങ്ങ് പനി പ്രതിരോധ വാക്‌സിന് മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ച ആദ്യ ഗള്‍ഫ് രാഷ്ട്രം കൂടിയാണ് ബഹ്‌റൈന്‍. രോഗം പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉടന്‍ തന്നെ സൗദി, യുഎഇ, ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കണ്ടെത്തിയിരുന്നു.

أحدث أقدم