ശ്രീനാഥ് ഭാസിക്ക് താൽക്കാലിക വിലക്ക്; സിനിമയിൽ നിന്ന് മാറ്റി നിർത്തുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ


കൊച്ചി: നടൻ ശ്രീനാഥ് ഭാസിയെ താൽക്കാലികമായി സിനിമയിൽ നിന്ന് മാറ്റി നിർത്തുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നിർമ്മാതാക്കളുടെ സംഘടനയാണ് തീരുമാനം കൈക്കൊണ്ടത്. ശ്രീനാഥ് ഭാസി തെറ്റ് സമ്മതിച്ചെന്നും കേസിൽ ഒരു തരത്തിലും ഇടപെടില്ലെന്നും നിർമ്മാതാക്കളുടെ സംഘടന വ്യക്തമാക്കി.  സിനിമ പ്രൊമോഷനിടെ, ഓൺലൈൻ അവതാരകയെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായ നടൻ ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും. ഇതിനായി ശ്രീനാഥ് ഭാസിയുടെ ശരീര സാമ്പിളുകൾ ശേഖരിച്ചു. അഭിമുഖ സമയത്ത്, നടൻ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താനാണ് പരിശോധന നടത്തുന്നത്. നടന്റെ നഖം, തലമുടി, രക്തസാമ്പിൾ എന്നിവയുടെ സാമ്പിളുകളാണ് മരട് പൊലീസ് ശേഖരിച്ചത്. അഭിമുഖ സമയത്ത്, നടൻ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താൻ ഇവ പരിശോധിക്കും. എന്നാൽ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചു എന്ന പരാതി അഭിമുഖം നടത്തിയ പരാതിക്കാരിയിൽ നിന്നുണ്ടായിട്ടില്ല. ചട്ടമ്പി എന്ന തൻറെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമായിരുന്നു അവതാരകയുടെ പരാതി. സംഭവത്തിൽ ഇന്നലെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ ശേഷം ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കൽ), ഐപിസി 354 (ലൈംഗിക ചുവയോടെ സംസാരിക്കൽ), 294 ബി എന്നീ മൂന്ന് വകുപ്പുകൾ ചുമത്തിയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിൻറെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

أحدث أقدم