മുൻ കാമുകിയുമായി ഭർത്താവിന്‍റെ കല്യാണം നടത്തി കൊടുത്തത് ഭാര്യ; കാരണം ഇതാണ്


തിരുപ്പതി: മുൻ കാമുകിയുമായി ഭർത്താവിന്‍റെ വിവാഹം നടത്തി കൊടുത്ത് ഭാര്യ. ആന്ധ്രപ്രദേശിലെ തിരുപ്പതി ജില്ലയിലാണ് അസാധാരണമായ സംഭവം നടന്നത്. വിവാഹം നടത്തിക്കൊടുക്കാൻ സമ്മതിച്ചതിന് ഒപ്പം, ഇരുവർക്കുമൊപ്പം ഒരേ വീട്ടിൽ താമസിക്കാമെന്നും സമ്മതം മൂളി. അംബേദ്‌കർ നഗർ സ്വദേശിയായ ടിക് ടോക്കറായ കല്യാൺ രണ്ട് വർഷം മുൻപാണ് സമൂഹമാധ്യമം വഴി പരിചയപ്പെട്ട കടപ്പ സ്വദേശിയായ വിമലയെ വിവാഹം കഴിച്ചത്. വിമലയെ വിവാഹം കഴിക്കുന്നതിന് മുൻപ് തന്നെ നിത്യശ്രീ എന്ന മറ്റൊരു ടിക് ടോക് താരവുമായി കല്യാൺ പ്രണയത്തിലായിരുന്നു. എന്നാൽ, ചില പ്രശ്നങ്ങൾ കാരണം ഇവരുടെ വിവാഹം നടക്കാതെ പോവുകയും ഇരുവരും അകലുകയും ചെയ്തു. കല്യാണും വിമലയും സന്തോഷമായി ജീവിക്കുന്നതിനിടയിൽ ദിവസങ്ങൾക്ക് മുൻപ് നിത്യശ്രീ ഇവരെ കാണാനായി വീട്ടിലേക്ക് വന്നു. അതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. കാര്യങ്ങൾ മനസിലാക്കിയിട്ടും നിത്യശ്രീ കല്യാണിനോട് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. നിത്യശ്രീ വേറെ വിവാഹം കഴിച്ചിരുന്നില്ല. കല്യാണുമായുള്ള വിവാഹത്തിന് വിമലയുടെ സമ്മതം തേടുകയും ചെയ്തു. വിമല സമ്മതിക്കുന്നത് വരെ നിത്യശ്രീ അവരുടെ ഗ്രാമത്തിൽ തങ്ങുകയും ചെയ്തു. ഇരുവരുടെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ മനസിലാക്കിയ ശേഷം വിമല വിവാഹത്തിന് സമ്മതം മൂളി. നിത്യശ്രീയും കല്യാണും തമ്മിലുള്ള വിവാഹത്തിന് സമ്മതം മൂളുകയും ഒന്നിച്ച് കഴിയുന്നതിൽ വിരോധമില്ലെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് ഗ്രാമത്തിൽ തന്നെ ഇവരുടെ വീടിന് സമീപത്തുള്ള ക്ഷേത്രത്തിൽ വെച്ച് കല്യാൺ നിത്യശ്രീയുടെ കഴുത്തിൽ താലി കെട്ടി. എന്നാൽ ക്ഷേത്രത്തിൽ വെച്ച് നടന്ന വിവാഹത്തിന് നിയമസാധുത ഇല്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

أحدث أقدم