ഒഡീഷ: മദ്യം വാങ്ങാനായി സർക്കാർ ഓഫീസിലെ ഫർണിച്ചറുകളും ഫയലുകളും തൂക്കിവിറ്റ പ്യൂൺ അറസ്റ്റിൽ. ഒഡീഷയിലെ ഗഞ്ജം ഡിഇഒ ഓഫീസ് പ്യൂൺ എം പീതാംബർ ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ രണ്ട് വർഷമായി ഇയാൾ ഓഫീസിലെ ഫർണിച്ചറുകളും മറ്റും വിറ്റിരുന്നെങ്കിലും ഓഫീസ് കെട്ടിടം മാറിയതിനാൽ അധികൃതർ ഇത് ശ്രദ്ധിച്ചിരുന്നില്ല. പഴയ ഓഫീസ് ഈ പ്യൂണിൻ്റെ മേൽനോട്ടത്തിലായിരുന്നു. ഈ ഓഫീസിലുണ്ടായിരുന്ന വസ്തുവകകളാണ് ഇയാൾ വിറ്റഴിച്ചത്. ബെർഹംപൂർ സിറ്റിയിലെ ടൗൺ പൊലീസ് സ്റ്റേഷനു സമീപത്താണ് ഈ പഴയ കെട്ടിടം നിലനിൽക്കുന്നത്. അഞ്ച് വർഷങ്ങൾക്കു മുൻപ് ഈ കെട്ടിടത്തിൽ നിന്ന് ഓഫീസ് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. എന്നാൽ, ഫർണിച്ചറുകളും പഴയ ഫയലുകളുമൊക്കെ ഈ പഴയ കെട്ടിടത്തിൽ തന്നെയാണ് സൂക്ഷിച്ചിരുന്നത്. ഈ ഓഫീസ് പരിചരിക്കാൻ പീതാംബറിനെയാണ് ഏല്പിച്ചിരുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരു തവണ പോലും ഉദ്യോഗസ്ഥർ ഈ ഓഫീസ് സന്ദർശിച്ചിരുന്നില്ല. ഈ കാലയളവിലായിരുന്നു തൂക്കിവില്പന. കഴിഞ്ഞ വെള്ളിയാഴ്ച സെക്ഷൻ ഒഫീസർ ജയന്ത് കുമാർ സാഹു ഒരു ഫയൽ പരിശോധിക്കാനായി ഈ ഓഫീസിലെത്തിയപ്പോഴാണ് കെട്ടിടം ശൂന്യമായി കണ്ടത്. തുടർന്ന് ഇയാൾ പൊലീസിൽ പരാതിനൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതൊക്കെ പീതാംബർ വിൽക്കുകയായിരുന്നു എന്ന് കണ്ടെത്തിയത്
മദ്യം വാങ്ങാനായി വാതിലുകളും ജനലുകളും ഫയലുകളും തൂക്കിവിറ്റു; സർക്കാർ ഓഫീസ് പ്യൂൺ പിടിയിൽ
jibin
0
Tags
Top Stories