സുഹൃത്തിന്റെ വീട്ടിൽ നിന്ന് 10 പവൻ സ്വർണം മോഷ്ടിച്ച പൊലീസുകാരന് സസ്പെൻഷൻ


കൊച്ചി: സുഹൃത്തിന്റെ വീട്ടിൽ നിന്ന് 10 പവൻ സ്വർണം മോഷ്ടിച്ച പൊലീസുകാരനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കൊച്ചി സിറ്റി എ ആർ ക്യാംപിലെ അമൽ ദേവാണ് സസ്പെൻഷനിലായത്. ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മോഷ്ടിച്ച സ്വർണം അമൽ ദേവ് പണയം വെച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൊച്ചി ഞാറക്കൽ സ്വദേശി നടേശന്റെ വീട്ടിൽ ഈ മാസം 18നാണ് കവർച്ച നടന്നത്. പരാതിക്കാരന്റെ മകന്റെ ഭാര്യയുടെ സ്വർണമാണ് കളവു പോയത്. അന്നേ ദിവസം അമൽദേവ് നടേശന്റെ വീട്ടിൽ ചെന്നതായി പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ അമൽദേവ് കുറ്റം സമ്മതിക്കുകയായിരുന്നു. ഓൺലൈൻ റമ്മി കളിക്ക് അടിമപ്പെട്ട അമൽദേവിന് വൻ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. കട ബാധ്യത തീർക്കുന്നതിനാണ് കളവ് നടത്തിയതെന്ന് അമൽദേവ് പോലീസിനോട് പറഞ്ഞു. കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പഴം മൊത്തവ്യാപാര കടയിൽ നിന്ന് പൊലീസുകാരൻ മാങ്ങ മോഷ്ടിച്ച കേസ് ഒത്തുതീർപ്പാക്കിയതിന് പിന്നാലെ ഉണ്ടായ ഈ സംഭവം സേനയ്ക്കാകെ നാണക്കേടായിരുന്നു.

أحدث أقدم