അമിതാഭ് ബച്ചൻ സിനിമാ മേഖലയ്ക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് നിരവധി വിദേശ സർക്കാരുകൾ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഫ്രഞ്ച് സർക്കാര് നൽകിയ ‘നൈറ്റ് ഓഫ് ദ ലീജ്യൺ ഓഫഅ ഓണർ’ ആണ് അതിൽ പ്രധാനം. 2014 ൽ ഓസ്‌ട്രേലിയയിലെ ലാ ത്രോബ് സർവകലാശാല അമിതാഭ് ബച്ചന്റെ പേരിൽ ഒരു സ്‌കോളർഷിപ്പ് തന്നെ നൽകുന്നുണ്ട്. തൊണ്ണൂറുകളിൽ അദ്ദേഹം തിരിച്ചുവരവ് നടത്തിയ ‘മൃത്യുദാദ’ എന്ന ചിത്രത്തിന് പിന്നാലെയാണ് അദ്ദേഹത്തിന് ബിഗ് ബി എന്ന പേര് ലഭിച്ചത്. അമിതാഭ് ബച്ചന്റെ പ്രിയപ്പെട്ട സ്‌ക്രീൻ പേര് വിജയ് എന്നതായിരുന്നു. ഇരുപതിലേറെ തവണയാണ് വിജയ് എന്ന പേരിൽ ബച്ചൻ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. മാഡം തുസാഡ്‌സ് മെഴുക് മ്യൂസിയത്തിൽ മെഴുക് പ്രതിമ പണിയപ്പെട്ട ആദ്യ ഏഷ്യൻ അഭിനേതാവ് അമിതാഭ് ബച്ചനാണ്. വളരെ ധൃതി പിടിച്ചായിരുന്നു അമിതാഭ് ബച്ചന്റേയും ജയാ ബച്ചന്റേയും വിവാഹം. 1973 ലാണ് ഇരുവരും വിവാഹിതരായത്. അമിതാഭ് ബച്ചന്റെ സഞ്ജീർ എന്ന ചിത്രത്തിന്റെ വിജയം ആഘോഷിക്കാനായി വിദേശത്തേക്ക് പോകാനായിരുന്നു ഇരുവരും ധൃതി പിടിച്ച് വിവാഹിതരായത്. വാച്ചുകളുടേയും പേനകളുടേയും വലിയ കളക്ഷനുണ്ട് അമിതാഭ് ബച്ചന്. ആയിരക്കണക്കിന് പേനകളാണ് അദ്ദേഹത്തിന്റെ ശേഖരത്തിലുള്ളത്.
അമിതാഭ് ബച്ചൻ താമസിക്കുന്ന ജൽസ എന്ന മുംബൈയിലെ ബംഗ്ലാവ് യഥാർത്ഥത്തിൽ അദ്ദേഹം പണി കഴിപ്പിച്ചതല്ല. അദ്ദേഹത്തിന്റെ ‘സട്ടേ പെ സട്ടാ’ എന്ന ചിത്രത്തിന് പ്രതിഫലമായി സംവിധായകൻ രമേശ് സിപ്പി നൽകിയതാണ് ജൽസ എന്ന വീട്. ഇരു കൈകൾക്കും ഒരു പോലെ വഴക്കമുള്ള വ്യക്തിയാണ് അമിതാഭ് ബച്ച്ചൻ. അതുകൊണ്ട് ഇടം കൈയനെന്നോ വലം കൈയനെന്നോ വിളിക്കാൻ സാധിക്കില്ല.