13 ആഡംബര വീടുകള്‍, ഏക്കറുകണക്കിന് കല്‍ക്കരി ഖനി; കേരള പോലീസ് പിടികൂടിയ 22കാരന്‍റേത് ഞെട്ടിക്കുന്ന ആസ്തി; അറസ്റ്റിന് സഹായിച്ചത് മലയാളി ഓഫീസർ


തൃശൂർ: ഓൺലൈനിലൂടെ ആളുകളെ വഞ്ചിച്ച് വൻതുകകൾ തട്ടിയെടുക്കന്ന സംഘത്തിലെ പ്രധാനി അർജ്ജുൻ മണ്ഡൽ അറസ്റ്റിൽ. ജാർഖണ്ഡ് സ്വദേശിയായ 22കാരനെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട സ്വദേശിനിയുടെ പരാതിയിൽ ജാർഖണ്ഡിലെ ധൻബാദ് ജില്ലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 2021 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരിങ്ങാലക്കുട സ്വദേശിനിയായ യുവതിയുടെ ഭർത്താവിന്‍റെ 40,000 രൂപയാണ് അർജ്ജുൻ മണ്ഡൽ തട്ടിയെടുത്തത്. ഭർത്താവിന്‍റെ എസ്ബിഐ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ആയെന്ന് പറഞ്ഞ് ബന്ധപ്പെട്ട ഇവർ കെവൈസി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു ലിങ്ക് അയച്ചുകൊടുക്കുകയായിരുന്നു. എസ്ബിഐയുടേതെന്ന് തോന്നിപ്പിക്കുന്ന ലിങ്ക് മൊബൈലിലേക്ക് എസ്എംഎസ് ആയി അയച്ചായിരുന്നു തട്ടിപ്പിന്‍റെ തുടക്കം. വ്യാജ സന്ദേശമാണെന്ന് അറിയാതെ ലിങ്കിൽ ക്ലിക്ക് ചെയ്ത ഇവർ ബാങ്ക് ഡീറ്റയിൽസും ഡെബിറ്റ് കാർഡ് ഡീറ്റയിൽസും മൊബൈലിലേക്ക് വന്ന ഒടിപി നമ്പറുകളും കൊടുത്തു. ഇതോടെ രണ്ട് തവണയായി ഇവരുടെ 40,000 ത്തോളം രൂപയാണ് നഷ്ടപ്പെട്ടത്. പണം പോയെന്ന് മനസിലായതോടെ ഇവർ തൃശൂർ റൂറൽ പോലീസ് മേധാവി ഐശ്വരി ഡോംഗ്ര ഐപിഎസിന് പരാതി നൽകുകയായിരുന്നു. തുടർന്ന് കേസ് തൃശ്ശൂർ റൂറൽ ജില്ലാ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെകടറെ ഏൽപ്പിക്കുകയും സൈബർ ക്രൈം എക്പെർട്സ് അടങ്ങിയ സ്പെഷ്യൽ ടീം രൂപികരിക്കുകയും ചെയ്തു.


അന്വേഷണത്തിൽ പ്രതി ഇത്തരം കൃത്യങ്ങൾ ചെയ്യുന്നതിനായി വിവിധ അഡ്രസ്സിലുള്ള 50 ൽ പരം സിംകാർഡുകളും 25 ഓളം മൊബൈൽ ഫോണുകളും ഉപയോഗിച്ചിരുന്നെന്ന് വ്യക്തമായു. ഒരു കുറ്റകൃത്യത്തിന് ഉപയോഗിച്ച ഫോണുകളും സിം നമ്പറുകളും പിന്നീട് പ്രതി ഉപയോഗിക്കാറില്ല. പ്രതി ഉപയോഗിക്കുന്ന സിം നമ്പറുകളെല്ലാം വ്യാജമായി മറ്റുള്ളവരുടെ അഡ്രസ്സിൽ ഉള്ളതുമായിരുന്നു. അതുകൊണ്ട് തന്നെ പ്രതിയെ തിരിച്ചറിയാൻ അന്വേഷണസംഘം വളരെയധികം ബുദ്ധിമുട്ടിയിരുന്നു.


പ്രതി ഇതുവരെ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, ബാങ്ക് അക്കൗണ്ടുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, മണിവാലറ്റുകൾ, ഇ കോമേഴ്സ് അക്കൗണ്ടുകൾ തുടങ്ങിയവും പ്രതി തട്ടിപ്പിനായി അയച്ച ലിങ്കിന്‍റെ ഡൊമൈൻ വിവരങ്ങളും ശേഖരിച്ച് ഒരു വർഷത്തോളം അനലൈസ് ചെയ്ത് നിരീക്ഷിച്ചതിന് ശേഷമാണ് പ്രതിയെ തിരിച്ചറിയാൻ സാധിച്ചത്. പോലീസിനെ കണ്ട് അടുത്തുള്ള കാട്ടിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് അന്വേഷണ സംഘം കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. പ്രതി തട്ടിപ്പിനായി ഉപയോഗിച്ചുവന്നിരുന്ന വിവിധ ബാങ്ക് അക്കൗണ്ടുകളുടെ സ്റ്റേറ്റ്മെന്‍റ് വിവരങ്ങൾ പരിശോധിച്ച് തട്ടിപ്പിനിരയായവരുടെ കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിക്കാനൊരുങ്ങുകയാണ്. കേരളം ആധാരമാക്കി നടന്നിട്ടുള്ള ലക്ഷകണക്കിന് രൂപയുടെ ഓൺലൈൻ തട്ടിപ്പിലെ പ്രാധാനിയാണ് അറസ്റ്റിലായ അജിത് കുമാർ മണ്ഡൽ.

ഓൺലൈൻ പണം തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതിയുടെ മൊബൈൽ നമ്പറിനെറ ടവർ ലൊക്കേഷൻ പിൻതുടർന്ന് ജാർഖണ്ഡിലെ ഗ്രാമപ്രദേശങ്ങളിലെത്തിയ തൃശ്ശൂർ റൂറൽ സൈബർ പോലീസ് അംഗങ്ങൾ അക്ഷരാർത്ഥത്തിൽ ആശയക്കുഴപ്പത്തിലായി. ചുറ്റും മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള നിബിഡ വനം. അങ്ങിങ്ങ് ഒറ്റപ്പെട്ട ചെറിയ വീടുകൾ. ചെറിയ വീടുകൾക്കിടയിൽ കാണപ്പെട്ട ഒരു ആഡംബര വീട് പോലീസിൽ കൗതുകമുണർത്തി. ആ വീടിനെറ മുന്നിൽ മറ്റ് ഗ്രാമവാസികളിൽ നിന്ന് വ്യത്യസ്ഥമായി മോഡേൺ രീതിയിൽ വസ്ത്രം ധരിച്ച് കാണപ്പെട്ട ഒരു ചെറുപ്പക്കാരനിൽ പോലീസിന് സംശയം തോന്നുകയും അയാളുടെ അടുത്തേക്ക് പെട്ടെന്ന് എത്തിയ പോലീസിനോട് എന്തെങ്കിലും ചോദിക്കുന്നതിന് മുൻപ് ആ ചെറുപ്പക്കാരൻ “മേം സൈബർ വാലാ നഹീ ഹും” എന്ന മറുപടിയാണ് നൽകിയത്.

പ്രതിയെ പറ്റി ചോദിച്ചപ്പോൾ പേടിച്ചിരണ്ട് ആ ചെറുപ്പക്കാരൻ ആ ആഡംബര വീട്ടിലേക്ക് വിരൽ ചൂണ്ടി. താനാണ് ആ വീട് കാണിച്ച് തന്നതെന്ന് ആരോടും പറയരുതെന്നും തന്നെ അവന്മാർ കൊന്നു കളയുമെന്നും ആ ചെറുപ്പക്കാരൻ പോലീസിനോട് പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങൾക്ക് പേര് കേട്ട സ്ഥലങ്ങളാണ് ജാർഖണ്ഡ് സംസ്ഥാനത്തെ ജാംതര, ഗിരിഡി, രകാസ്കുട്ടോ, തുണ്ടി എന്നീ സ്ഥലങ്ങൾ. ഭൂരിഭാഗം പേരും ഗ്രാമീണരാണ്. തട്ടിപ്പ് നടത്തുന്നവർ പരാമാവധി +2 വരെ പഠിച്ചിട്ടുള്ളവരാണ്.

അപൂർവ്വം ചിലർ ബി.ടെക് തുടങ്ങിയ ടെക്നിക്കൽ കോഴ്സുകൾ കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ ടെക്നിക്കൽ കോഴ്സുകൾ പഠിച്ചിറങ്ങിയവരാണ് പ്രതികൾക്ക് തട്ടിപ്പിനാവശ്യമായ സാങ്കേതിക കാര്യങ്ങൾക്ക് പരിശീലനം കൊടുക്കുന്നത്. അതിന് അവർ കമ്മീഷൻ പറ്റുകയും ചെയ്യുന്നു. ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നവർ അറിയപ്പെടുന്ന പേരാണ് സൈബർ വാലാകൾ. അത്തരത്തിലുള്ളവർ ആഡംബര സൗകര്യങ്ങളിലാണ് ജീവിക്കുന്നത്. ഗ്രാമവാസികൾക്ക് ഇത്തരം തട്ടിപ്പ് കാരെ പറ്റി വ്യക്തമായി അറിയാമെങ്കിലും പേടി മൂലം അവർ ഇത്തരം കാര്യങ്ങൾ പുറത്ത് പറയാറില്ല.

ഓൺലൈൻ പണം തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട പ്രതിയെ പെട്ടെന്ന് പിടികൂടാനായത് ജാർഖണ്ഡിലെ ജില്ലാപോലീസ് മേധാവിയായ രേഷ്മ രമേഷ് എന്ന വനിതാ ഐപിഎസ് ഓഫീസറുടെ ഇടപെടൽലാണ്. കണ്ണൂർ തലശ്ശേരി സ്വദേശിയാണ് ജില്ലാ പോലീസ് മേധാവി രേഷ്മ രമേഷ്. പ്രതികൾക്കായി തൃശ്ശൂർ റൂറൽ സൈബർ ക്രൈം പോലീസ് ടീം തൃശ്ശൂരിൽ നിന്ന് പുറപ്പെടുന്ന സമയം തന്നെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രെ രേഷ്മ രമേഷിനെ ഫോണിൽ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചിരുന്നു. പ്രശ്നബാധിത പ്രദേശമായതിനാൽ അന്വേഷണത്തിന് കേരള പോലീസിനെ സഹായിക്കാൻ ജാർഖണ്ഡിലെ സൈബർ പോലീസ് അടക്കുമുള്ള സംഘങ്ങൾ സന്നദ്ധമായി സ്ഥലത്തുണ്ടായിരുന്നു. രണ്ട് സംസ്ഥാനങ്ങളിലേയും പോലീസിന്‍റെ സംയുക്തമായ ഓപ്പറേഷനിലാണ് ഇയാൾ പിടിയിലായത്.

തട്ടിപ്പുകേസില്‍ അറസ്റ്റിലായ അജിത്കുമാര്‍ മണ്ഡലിന് ബെംഗളൂരുവിലും ഡല്‍ഹിയിലുമായി സ്വന്തമായി 13 ആഡംബരവീടുകളുണ്ടെന്നാണ് പോലീസ് പറയുന്നത്. ധന്‍ബാദിലെ തുണ്ടി എന്ന സ്ഥലത്ത് നാലേക്കറോളം സ്ഥലവും ജാര്‍ഖണ്ഡില്‍ ഏക്കറുകളോളം കല്‍ക്കരി ഖനികളും ഇയാൾക്കുണ്ട്. പ്രതികള്‍ക്ക് രണ്ട് പേഴ്സണല്‍ അക്കൗണ്ടുകളും വെസ്റ്റ് ബംഗാള്‍ വിലാസത്തില്‍ 12 ബാങ്ക് അക്കൗണ്ടും ഉണ്ട്.
أحدث أقدم