പഴം ഇറക്കുമതിയുടെ മറവില്‍ 1476 കോടിയുടെ ലഹരി കടത്ത്: മലയാളി അറസ്റ്റിൽ


 
 മുംബൈ : പഴം ഇറക്കുമതിയുടെ മറവില്‍ വല്‍ ലഹരി കടത്ത് നടത്തിയ സംഭവത്തില്‍ മലയാളി അറസ്റ്റില്‍. 1476 കോടിയുടെ മെത്തും കൊക്കെയ്‌നും മുംബൈ തുറമുഖം വഴി കപ്പലില്‍ കടത്തിയ കേസിലാണ് മലയാളിയായ വിജിന്‍ വര്‍ഗീസിനെ ഡിആര്‍ഐ അറസ്റ്റു ചെയ്തത്. എറണാകുളം കാലടി ആസ്ഥാനമായ യമ്മിറ്റോ ഇന്റര്‍നാഷനല്‍ ഫുഡ്‌സ് മാനേജിങ് ഡയറക്ടര്‍ ആണ് വിജിന്‍ വര്‍ഗീസ്. 

ഓറഞ്ചുകള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് ലഹരിമരുന്ന് കടത്തിയത്. 198 കിലോ മെത്തും ഒന്‍പതു കിലോ കൊക്കെയ്‌നും അടക്കമുള്ള ലഹരിവസ്തുക്കളാണ് മുംബൈയില്‍ പിടിച്ചെടുത്തത്. കഴിഞ്ഞമാസം 30 നാണ് പഴങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച ലഹരിയുമായി എത്തിയ ട്രക്ക് പിടിയിലാകുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത ഓറഞ്ചുകള്‍ എന്നായിരുന്നു രേഖകളില്‍ ഉണ്ടായിരുന്നത്. വിജിന്‍ ഉടമയായ കമ്പനിയുടെ പേരിലാണ് ഇവ എത്തിയിരുന്നത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ട്രക്ക് പിടിയിലാകുന്നത്. എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകളും ട്രക്കിലുണ്ടായിരുന്നു. സംഭവത്തില്‍ വിജിനെ ഡിആര്‍ഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിജിന്റെ കൂട്ടാളി മന്‍സൂര്‍ തച്ചാംപറമ്പിലിനെ ഡിആര്‍ഐ തിരയുന്നു. മോര്‍ ഫ്രഷ് എക്‌സ്‌പോര്‍ട്ട് ഉടമയാണ് മന്‍സൂര്‍. ഇടപാടില്‍ 70 ശതമാനം ലാഭം വിജിനും 30 ശതമാനം മന്‍സൂറിനുമാണെന്ന് ഡിആര്‍ഐ പറയുന്നു. 

എന്നാല്‍ ലഹരിക്കടത്തില്‍ തനിക്ക് പങ്കില്ലെന്നാണ് ചോദ്യം ചെയ്യലില്‍ വിജിന്‍ വര്‍ഗീസ് ഡിആര്‍ഐയോട് പറഞ്ഞത്. തന്നോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന മറ്റൊരു സ്ഥാപന ഉടമയായ മന്‍സൂര്‍ ആണ് ഓറഞ്ച് ഇറക്കുമതിയെക്കുറിച്ച് പറഞ്ഞതെന്നും, ഇടപാടുകളെല്ലാം നടത്തിയത് മന്‍സൂര്‍ ആണെന്നുമാണ് വിജിന്‍ പറയുന്നത്.

 കോവിഡ് കാലത്താണ് വിജിന്‍ മന്‍സൂറുമായി ബന്ധപ്പെടുന്നത്. കോവിഡ് കാലത്ത് ഇരുവരും ചേര്‍ന്ന് മാസ്‌കുകള്‍ ദുബായിലേക്ക് കയറ്റി അയച്ചിരുന്നു. ഇതിന്റെ മറവിലും ലഹരി കടത്തു നടത്തിയിട്ടുണ്ടോയെന്നും ഡിആര്‍ഐ അന്വേഷിക്കുന്നുണ്ട്.


أحدث أقدم