കോഴിക്കോട്: താമരശ്ശേരിയില്‍ ആണ്‍സുഹൃത്തിന്റെ കൈഞരമ്പ് മുറിച്ച ശേഷം 15-കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോടഞ്ചേരി സ്വദേശിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് ബസ് ജീവനക്കാരനായ കാമുകനെ ആക്രമിച്ചശേഷം കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇരുവരെയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
താമരശ്ശേരി ബസ് സ്റ്റാന്‍ഡില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ബസ് ജീവനക്കാരനായ യുവാവും പെണ്‍കുട്ടിയും അടുപ്പത്തിലായിരുന്നു. 12 മണിയോടെ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ കയറിയ പെണ്‍കുട്ടി, ബസിന്റെ പിറകിലേക്ക് വരാന്‍ ആവശ്യപ്പെട്ടെന്നും പിന്നാലെ ബാഗില്‍നിന്ന് കത്തിയെടുത്ത് ആക്രമിച്ചെന്നുമാണ് യുവാവിന്റെ മൊഴി. കൈയില്‍ മുറിവേറ്റതോടെ യുവാവ് ഓടിരക്ഷപ്പെട്ടു. പിന്നീട് ചോരയൊലിക്കുന്ന കൈയുമായി ഇയാളെ കണ്ട മറ്റുജീവനക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്.
അതിനിടെ, സംഭവത്തിന് പിന്നാലെ കൈഞരമ്പ് മുറിച്ചനിലയില്‍ പെണ്‍കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തിനെ ആക്രമിച്ചശേഷം പെണ്‍കുട്ടി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണ് വിവരം. യുവാവിനോട് ബന്ധത്തില്‍നിന്ന് പിന്മാറാൻ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.