പത്തനംതിട്ടയിൽ 15കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനെ കസ്റ്റഡിയിലെടുക്കാൻ പോലീസെത്തി; ബഹളത്തിനിടെ പ്രതി രക്ഷപെട്ടു; 'ഇടപെട്ട' നാട്ടുകാർ പ്രതിക്കൂട്ടിൽ


പത്തനംതിട്ട: പോലീസ് കസ്റ്റഡിയിൽ എടുത്ത പോക്സോ കേസ് പ്രതി രക്ഷപെട്ട സംഭവത്തിൽ പ്രതിക്കൂട്ടിലായി നാട്ടുകാർ. ആറന്മുള പോലീസ് സ്റ്റേഷൻ പരിധിയിൽ കാട്ടൂർ പേട്ടയിലാണ് സംഭവം. പോക്സോ കേസിൽ പ്രതിയായ കാട്ടൂർ പേട്ട സ്വദേശി സിറാജിനെ കസ്റ്റഡിയിൽ എടുക്കാൻ കുന്നിക്കോട് പോലീസ് എത്തിയപ്പോഴാണ് നാടകീയ സംഭവങ്ങൾ. ഇതര സമുദായക്കാരിയായ ആദ്യ ഭാര്യ മരിച്ച ശേഷം സിറാജ് കുന്നിക്കോട് രണ്ടാം ഭാര്യയുടെ വീട്ടിലായിരുന്നു താമസം. അവരുടെ മുൻ വിവാഹത്തിനുള്ള പത്താം ക്‌ളാസുകാരി ആയ 15 കാരിയെ പീഡിപ്പിച്ചു എന്നാണ് പരാതി. കുട്ടിയുടെ മുത്തശ്ശിയാണ് പരാതി ചൈൽഡ് ലൈനിലും പോലീസിലും നൽകിയിരുന്നത്. ഇതേ തുടർന്ന് ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കാട്ടൂരിൽ പുത്തൻ പള്ളിക്ക് അടുത്തുണ്ടെന്നറിയുന്നത്. പരാതി വന്നതോടെ സിറാജ് കാട്ടൂർപേട്ടയിലെ വീട്ടിൽ വന്ന് ഒളിവിൽ കഴിയുകയായിരുന്നു. പ്രതി വീട്ടിലുണ്ടെന്ന് മനസിലാക്കി ഞായറാഴ്ച വൈകിട്ട് കുന്നിക്കോട് സ്റ്റേഷനിലെ എസ്ഐ വൈശാഖ്, ക്രൈം എസ്ഐ ഫൈസൽ എന്നിവർ ഇവിടേക്ക് എത്തുകയായിരുന്നു. പ്രതിയും ഒരു സ്ത്രീയുമാണ് വീട്ടിലുണ്ടായിരുന്നത്.  മഫ്‌തിയിൽ എത്തിയ പോലീസ് ഉദ്യോഗസ്ഥർ കാര്യം ബോധ്യപ്പെടുത്തി കസ്റ്റഡിയിൽ എടുത്തു. എന്നാൽ സംഭവമറിഞ്ഞ് നാട്ടുകാർ ഇവിടെ സംഘടിക്കുകയായിരുന്നു. ഇവരും പോലീസും തമ്മിൽ വാക്കേറ്റം നടക്കുന്നതിനിടെ പ്രതി രക്ഷപെട്ടു. സമ്മർദ്ദം ചെലുത്തി മോചിപ്പിക്കുക ആയിരുന്നെന്നും പറയുന്നു. ഇതിനിടയിൽ വിവരമറിഞ്ഞെത്തിയ ആറന്മുള പോലീസും ചേർന്ന് അന്വേഷണം നടത്തിയെങ്കിലും പ്രതിയുടെ പൊടി പോലും കണ്ടെത്താൻ കഴിഞ്ഞില്ല. പ്രതി മുങ്ങിയതോടെ മോചിപ്പിച്ചവർ വെട്ടിലുമായി. ഓടി പോയ പ്രതിയെ കസ്റ്റഡിയിൽ കൊടുത്തില്ലെങ്കിൽ മോചിപ്പിച്ചവർ അടക്കം കേസിൽ പ്രതികളാകും. രക്ഷ പെടുത്താൻ സഹായിച്ചവർ ഒടുവിൽ പ്രതി സിറാജിനായി തെരച്ചിൽ ഊർജിതമാക്കി. ഈ സമയമത്രയും കുന്നിക്കോട് സ്റ്റേഷനിലെ ഓഫീർമാർ ആറന്മുള സ്റ്റേഷനിൽ കാത്തിരുന്നു. എന്നാൽ ഒന്നും നടന്നില്ല. സമയം രാത്രി ആകുകയും ചെയ്തു.  നേരത്തെ കുന്നിക്കോട് പോലീസ് ആറന്മുള സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത ശേഷമാണ് കാട്ടൂർ പേട്ടയിലേക്ക് പോയത്. തിരികെ ആറന്മുളയിൽ എത്തിയ കുന്നിക്കോട് പോലീസ് നടന്ന സംഭവം വിശദമാക്കി റിപ്പോർട്ട് എഴുതി നൽകി മടങ്ങി. പിടിവലിയിൽ ഇവർക്ക് നിസ്സാര പരിക്കേറ്റതായും റിപ്പോർട്ടിലുണ്ട്. രാത്രി വൈകി ആറന്മുള പോലീസ് കേസെടുത്തു. പ്രതിയെ കിട്ടിയില്ലെങ്കിൽ രക്ഷ പെടുത്താൻ സഹായിച്ചവർ അകത്താകുമെന്നാണ് പോലീസ് പറയുന്നത്.

أحدث أقدم