16കാരിയെ റബ്ബർ തോട്ടത്തിലെത്തിച്ച് പീഡിപ്പിച്ചു; യുവാവിനെ പിടികൂടി

കൊല്ലം കടയ്ക്കലിൽ 16 കാരിയെ വിവാഹ വാഗ്ദാനം നൽകി ആളൊഴിഞ്ഞ സ്ഥലങ്ങളിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ എൽപ്പിച്ചു. കടയ്ക്കൽ ഇടത്തറ സ്വദേശി ശ്രീവിശാഖാണ് അറസ്റ്റിലായത്. പെൺകുട്ടിയെ നിരവധി തവണ ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി. 
16 കാരി സ്കൂളിൽ പോകുന്ന സമയത്ത് ശ്രീ വിശാഖ് പ്രണയം നടിച്ച് അടുത്തുകൂടി. പിന്നീടാണ് വിവാഹ വാഗ്ദാനം നൽകി കുട്ടിയെ ആളൊഴിഞ്ഞ റബർ പുരയിടങ്ങളിലും പാറയിടുക്കുകളിലും കൊണ്ടുപോയി പീഡിപ്പിച്ചത്. എന്നാൽ കഴിഞ്ഞദിവസം റബർ തോട്ടത്തിൽ വച്ച് കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ട നാട്ടുകാർ യുവാവിനെ പിടികൂടി. കടയ്ക്കൽ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മാതാപിതാക്കളെ വിളിച്ചുവരുത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്ന് മാസങ്ങളായി പെൺകുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു എന്ന് പ്രതി സമ്മതിച്ചു. പിന്തിരിയാൻ ശ്രമിച്ച പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ഇയാൾ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ സംഭവസ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
أحدث أقدم