മലപ്പുറം: മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ഉള്ള ശ്രമങ്ങൾ തുടർച്ചയായി പിടികൂടുന്ന സാചര്യത്തിൽ പുതു വഴികൾ തേടുകയാണ് കള്ളക്കടത്ത് സംഘങ്ങൾ. മ്യൂസിക് പ്ലെയറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 91 ലക്ഷം രൂപ മൂല്യമുള്ള സ്വർണം ആണ് കരിപ്പൂരിൽ പോലീസ് പിടിച്ചെടുത്തത്. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി റിയാസ്മോന്‍ (39) ആണു പോലീസിന്റെ പിടിയിലായത്. ജിദ്ദയില്‍ നിന്നും ശനിയാഴ്ച രാവിലെ 11.30 മണിയോടെയാണ് റിയാസ് മോൻ കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയത്. മ്യൂസിക് പ്ലെയറിന്റെ ബാറ്ററി കേസിനകത്ത് 9 ബാറുകളായി ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. ആഭ്യന്തര വിപണിയില്‍ 91 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്. ജിദ്ദയില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിലാണ് (6E1843 ) റിയാസ്മോന്‍ കരിപ്പൂർ എയര്‍പോര്‍ട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 12.40 മണിയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ റിയാസ്മോനെ സുഹൃത്തിനോടൊപ്പം കാറില്‍ കയറി പുറത്തേക്ക് പോകും വഴിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിയാസ്മോനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യഘട്ട ചോദ്യം ചെയ്യലിൽ റിയാസ്മോന്‍ കുറ്റം സമ്മതിച്ചില്ല. തുടർന്ന് ഇയാളുടെ ദേഹവും ലഗേജും പോലീസ് വിശദമായി പരിശോധിച്ചു. എന്നാൽ സ്വർണം കണ്ടെടുക്കാന്‍ കഴിയാത്തതിനെതുടർന്ന് ലഗ്ഗേജിലുണ്ടായിരുന്ന ഓരോ ഇലക്ട്രോണിക് ഉപകരണങ്ങളും അഴിച്ച് പരിശോധിക്കുകയായിരുന്നു. മ്യൂസിക് പ്ലെയറിന്റെ ബാറ്ററിക്ക് അമിത ഭാരം തോന്നിയതിനാല്‍ ബാറ്ററി കെയ്സ് മുറിച്ച് പരിശോധിക്കുകയായിരുന്നു. ഇതിനുള്ളിൽ നിന്നാണ് 200 ഗ്രാം വീതം തൂക്കമുള്ള 9 ഗോള്‍ഡ് ബാറുകള്‍ കണ്ടെത്തിയത്.
റിയാസിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സ്വര്‍ണ്ണകടത്തിന് പിന്നിലുള്ളസംഘാംഗങ്ങളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും, അതോടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട് കസ്റ്റംസിനും സമര്‍പ്പിക്കും. അതോടൊപ്പം സ്വര്‍ണ്ണ കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമവും നടത്തുന്നുണ്ട് എന്നും പോലീസ് അറിയിച്ചു.
കരിപ്പൂര്‍ വിമാനത്താവളത്തിലും പരിസരങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയതോടെ സ്വര്‍ണ്ണക്കടത്തിന് പുതിയ വഴികൾ തേടുക ആണ് കള്ളക്കടത്ത് സംഘങ്ങൾ.
കഴിഞ്ഞ എട്ടുമാസത്തിനിടെ കരിപ്പൂരില്‍ നിന്ന് കസ്റ്റംസും പോലീസും ചേർന്ന് വൻ സ്വർണ വേട്ട ആണ് നടത്തുന്നത്. കസ്റ്റംസ് പിടികൂടിയത് 105 കോടിയോളം രൂപയുടെ സ്വര്‍ണം ആണ്. ഇക്കാലയളവില്‍ 30 കോടിയോളം രൂപയുടെ സ്വര്‍ണം പൊലീസും പിടിച്ചെടുത്തു.
കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് ഈ വര്‍ഷം സ്വര്‍ണക്കടത്ത് കൂടി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എയര്‍ കസ്റ്റംസ് നൽകുന്ന കണക്ക് പ്രകാരം ഈവര്‍ഷം ഇതുവരെ 205 കിലോയോളം കടത്തു സ്വര്‍ണം പിടികൂടി. 105 കോടിയോളം രൂപ വില വരും ഇതിന്. ഓഗസ്റ്റില്‍ മാത്രം 21 കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഇതിന്റ മാത്രം വിപണി വില 11 കോടി. എയര്‍ കസ്റ്റംസിനെ കൂടാതെ കസ്റ്റംസ് പ്രിവന്റീവ് കോഴിക്കോട് യൂണിറ്റും, കസ്റ്റംസ് പ്രിവന്റീവ് കൊച്ചി യൂണിറ്റും ഡിആര്‍ഐയും വിമാനത്താവളത്തില്‍ കേസുകള്‍ പിടികൂടാറുണ്ട്.
കസ്റ്റംസിന് പുറമേ പൊലീസും ഈ വര്‍ഷം കടത്തിക്കൊണ്ടുവന്ന കിലോക്കണക്കിന് സ്വര്‍ണം പിടിച്ചെടുത്തിട്ടുണ്ട്. എട്ട് മാസത്തിനിടെ കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് 66 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 52 കിലോയോളം സ്വര്‍ണം കരിപ്പൂര്‍, കൊണ്ടോട്ടി പൊലീസ് പിടികൂടിയിട്ടുണ്ട്. സ്വർണ കടത്തിന് കൂട്ടു നിന്ന കസ്റ്റംസ് സൂപ്രണ്ട് വരെ ഇക്കാലയളവിൽ പൊലീസ് പിടിയിലായി.