ടിപ്പർ ലോറി ബൈക്കിലിടിച്ച് 19കാരന് ദാരുണാന്ത്യം; പരുക്കേറ്റ സുഹൃത്ത് ആശുപത്രിയിൽ


വൈക്കം: തലയോലപ്പറമ്പിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ചാണ് യുവാവ് മരിച്ചത്. തലയോലപ്പറമ്പ് ഡിബി കോളേജ് വിദ്യാർത്ഥി കാരിക്കോട് ചൂണ്ടക്കാലായിൽ എബിൻ പീറ്റർ (19) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 നായിരുന്നു സംഭവം. തലയോലപ്പറമ്പ് പെരുവ റൂട്ടിൽ കീഴൂർ സായിപ്പ് കവലയ്ക്കു സമീപമായിരുന്നു അപകടം. ബൈക്കും ടിപ്പറും ഒരു ദിശയിൽ നിന്നും വരികയായിരുന്നു. ഈ സമയം ബൈക്ക് ടിപ്പർ ലോറിയെ മറികടക്കാൻ ശ്രമിച്ചു. ഇതിനിടെ അപ്രതീക്ഷിതമായി ടിപ്പർ ലോറി വലത്തേയ്ക്കു വെട്ടിക്കുകയായിരുന്നു. ഇതിനിടെ യുവാവ് ടിപ്പർ ലോറിയ്ക്കടിയിലേയ്ക്കു ബൈക്കുമായി വീണു. തൽക്ഷണം മരണം സംഭവിച്ചു. സംഭവത്തിൽ തലയോലപ്പറമ്പ് പോലീസ് കേസെടുത്തു. ഇയാൾക്കൊപ്പം ബൈക്കിലുണ്ടായിരുന്ന യുവാവിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്നു വാഹന ഗതാഗതവും റോഡിൽ തടസപ്പെട്ടു. മേഖലയിൽ അപകടങ്ങൾ വർധിച്ചു വരികയാണെന്നും അമി വേഗതയാണ് പലപ്പോഴും അപകടത്തിന് ഇടയാക്കുന്നതെന്നും നാട്ടുകാർ പറയുന്നു.


أحدث أقدم