ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി കര്‍ണാടകയില്‍ നിന്നുള്ള ദലിത് നേതാവ് മല്ലികാര്‍ജുന്‍
ഖര്‍ഗെ തെരഞ്ഞെടുക്കപ്പെട്ടു. ആകെ 9497 വോടുകളാണ് പോള്‍ ചെയ്തത്. അവസാന കണക്കുകളില്‍ 7897 വോടുകളാണ് ഖര്‍ഗെയ്ക്ക് കിട്ടിയത്. 10 ശതമാനത്തിലധികം വോട് എതിര്‍ സ്ഥാനാര്‍ഥി ശശി തരൂര്‍ (1,072) നേടി. 88 ശതമാനം വോടാണ് ഖര്‍ഗെയ്ക്ക് ലഭിച്ചത്. അതേസമയം, കോണ്‍ഗ്രസ്
ഔദ്യോഗികമായി അന്തിമ ഫലം പുറത്തു വിട്ടിട്ടില്ല. തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍
മധുസൂദന്‍ മിസ്ത്രി ഫലം അല്‍പസമയത്തിനകം ഔദ്യോഗികമായി പ്രഖ്യാപിക്കും. രണ്ടര
പതിറ്റാണ്ടോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നെഹ്‌റു കുടുംബത്തിന് പുറത്തുനിന്ന്
ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത്. നിഷ്പക്ഷ തിരഞ്ഞെടുപ്പ് എന്നതായിരുന്നു പ്രഖ്യാപനമെങ്കിലും, ഗാന്ധി കുടുംബത്തിന്റെയും ഔദ്യോഗിക പക്ഷത്തിന്റെയും പിന്തുണയുള്ളതിനാല്‍ ഖര്‍ഗെയുടെ
വിജയം ഉറപ്പായിരുന്നു. കടുത്ത പോരാട്ടം കാഴ്ചവച്ച തരൂര്‍ എത്ര വോട് നേടുമെന്ന്
മാത്രമായിരുന്നു ആകാംക്ഷ. 1000 ലധികം വോട് നേടിയതോടെ, ഏറെക്കുറെ ഒറ്റയാനായി മത്സരിച്ച തരൂരിനും കരുത്ത് തെളിയിക്കാനായി.
തിരഞ്ഞെടുപ്പില്‍ വ്യാപക
ക്രമക്കേട് നടന്നതായി ആരോപിച്ച് തരൂര്‍ പക്ഷം രംഗത്തെത്തിയിരുന്നു. കേരളത്തില്‍നിന്ന്
ബാലറ്റ് പെട്ടികള്‍ കൊണ്ടുപോയതില്‍ ഉള്‍പ്പെടെ തരൂര്‍ പക്ഷം പരാതി നല്‍കി. വ്യാപക
ക്രമക്കേട് നടന്ന ഉത്തര്‍പ്രദേശിലെ വോടുകള്‍ എണ്ണരുതെന്ന തരൂരിന്റെ പരാതി
പരിഗണിച്ച തിരഞ്ഞെടുപ്പ് സമിതി, അവിടെനിന്നുള്ള വോടുകള്‍
മാത്രം മറ്റു വോടുകള്‍ക്കൊപ്പം കൂട്ടിക്കലര്‍ത്തിയിരുന്നില്ല. യുപിക്ക് പുറമെ
പഞ്ചാബ്, തെലങ്കാന എന്നിവിടങ്ങളിലും വോടെടുപ്പില്‍ ഗുരുതര ക്രമക്കേട് നടന്നതായാണ് തരൂര്‍
പക്ഷത്തിന്റെ ആരോപണം.