തിരുവനന്തപുരം: പള്ളിക്കലില്‍ അയല്‍വാസി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം തീ കൊളുത്തിയ ദമ്പതികളില്‍ ഭാര്യയും മരിച്ചു. പൊള്ളലേറ്റ മടവൂര്‍ സ്വദേശി പ്രഭാകരക്കുറുപ്പും ഭാര്യ വിമല കുമാരിയുമാണ് മരിച്ചത്. മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് അയല്‍വാസിയായ ശശിധരന്‍ ഇരുവരെയും അക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.
27 വര്‍ഷം മുന്‍പ് മകന്‍ വിദേശത്തുനിന്ന് ആത്മഹത്യ ചെയ്തതിന്റെ വൈരാഗ്യമാണ് കിളിമാനൂര്‍ മടവൂര്‍ കൊച്ചാലുംമൂടില്‍ പ്രഭാകരക്കുറുപ്പിനെ കൊലപ്പെടുത്താന്‍ ശശിധരനെ പ്രേരിപ്പിച്ചത്. ശശിധരന്റെ മകനെ ബഹ്‌റൈനിലേക്ക് ജോലിക്കായി അയച്ചത് പ്രഭാകരക്കുറുപ്പാണ്. എന്നാല്‍ പ്രതീക്ഷിച്ച ജോലിയോ ശമ്പളമോ ലഭിച്ചില്ല. ഇതില്‍ മകന്‍ നിരാശനായിരുന്നു. ഇക്കാര്യം വീട്ടില്‍ പലതവണ അറിയിച്ചശേഷമാണ് മകന്‍ ആത്മഹത്യ ചെയ്തത്.
സഹോദരന്റെ മരണം സഹിക്കാനാവാതെ ശശിധരന്റെ മകളും ആത്മഹത്യ ചെയ്തു. ഇതോടെ പ്രഭാകരക്കുറുപ്പിനോടും കുടുംബത്തോടും ശത്രുതയായി. ലഹള പതിവായതോടെ പ്രഭാകരക്കുറുപ്പ്, ശശിധരന്റെ വീടിനടുത്തുനിന്ന് സ്ഥലം മാറി മടവൂരില്‍ വീടു വാങ്ങി. ശശിധരന്റെ മകന്‍ ആത്മഹത്യ ചെയ്ത കേസില്‍ ഇന്നലെ പ്രഭാകരക്കുറുപ്പിനെ കോടതി വെറുതെ വിട്ടിരുന്നു
പ്രഭാകരക്കുറുപ്പിന് രണ്ടു മക്കളാണ്. ബാങ്ക് ഉദ്യോസ്ഥയായ മകള്‍ പ്രഭാകരക്കുറുപ്പിനോടും ഭാര്യയോടും ഒപ്പമാണ് താമസമെന്ന് നാട്ടുകാര്‍ പറയുന്നു. ഇവര്‍ രാവിലെ ബാങ്കിലേക്കു പോയശേഷം 11 മണിയോടെയാണ് ശശിധരന്‍ വീട്ടിലെത്തിയത്. വാതില്‍ തുറന്ന പ്രഭാകരക്കുറുപ്പിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. നിലവിളി കേട്ട് എത്തിയ ഭാര്യ വിമലയെയും തലയ്ക്കടിച്ചു. അതിനുശേഷം പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി. ശശിധരനും തീപൊള്ളലേറ്റു. ഇയാള്‍ ചികിത്സയിലാണ്.