ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം 3 പേർക്ക്


സ്റ്റോക്ക്ഹോം: ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു (Physics Nobel). എലെയ്ൻ ആസ്പെക്ട് (ഫ്രാൻസ്), ജോൺ എഫ് ക്ലോസർ (യുഎസ്), ആൻ്റോൺ സെലിങർ (ഓസ്ട്രിയ) എന്നിവർ പുരസ്കാരം പങ്കിട്ടു. ക്വാണ്ടം ടെക്നോളജിയിലെ നിർണായക സംഭാവനകൾക്കാണ് അംഗീകാരം ലഭിച്ചത്. സ്വീഡൻ തലസ്ഥാനമായ സ്റ്റോക്ക്ഹോമിലെ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസിൽ വെച്ചായിരുന്നു പുരസ്കാര പ്രഖ്യാപനം നടന്നത്. മുൻ വർഷവും ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം മൂന്നുപേർ പങ്കിട്ടിരുന്നു.

പുരസ്കാരത്തിന് അർഹരായ മൂവരുടെയും പരീക്ഷണങ്ങൾ ക്വാണ്ടം ടെക്നോളജിയുടെ പുതിയ യുഗത്തിന് അടിത്തറയിട്ടുവെന്ന് നൊബേൽ പുരസ്കാര കമ്മിറ്റി അറിയിച്ചു. ഷുകുറോ മനാബെ, ക്ലൗസ് ഹാസൽമാൻ, ജോർജിയോ പരീസി എന്നീ ശാസ്ത്രജ്ഞന്മാരായിരുന്നു കഴിഞ്ഞവർഷം ഭൗതികശാസ്ത്ര നൊബേലിന് അർഹരായത്. കാലാവസ്ഥ പോലെയുള്ള സങ്കീർണ പ്രതിഭാസങ്ങളുടെ പ്രവചന പഠനം സാധ്യമാക്കിയ ഗവേഷണത്തിനായിരുന്നു 2021 ൽ പുരസ്കാരം ലഭിച്ചത്.

ഈ വർഷത്തെ നൊബേൽ പുരസ്കാര പ്രഖ്യാപനം ഇന്നലെ മുതലാണ് ആരംഭിച്ചത്. വൈദ്യശാസ്ത്ര രംഗത്തെ നൊബേൽ പുരസ്കാരം ആണ് ആദ്യം പ്രഖ്യാപിച്ചത്. സ്വീഡിഷ് ജനിതക ഗവേഷണ വിദഗ്ധൻ സ്വാൻ്റെ പേബൂ ആണ് പുരസ്കാരത്തിന് അർഹനായത്. വംശനാശം സംഭവിച്ച ഹോമിൻസിൻ്റെയും മനുഷ്യ വിഭാഗമായ ഹോമോസാപ്പിയൻസിൻ്റെയും ജീനോമുകളെക്കുറിച്ചുള്ള കണ്ടെത്തലുകൾക്കാണ് അംഗീകാരം. രസതന്ത്രരംഗത്തെ നൊബേൽ പുരസ്കാരം നാളെ പ്രഖ്യാപിക്കും. സാഹിത്യരംഗത്തെ പുരസ്കാരം വ്യാഴാഴ്ചയാണ് പ്രഖ്യാപിക്കുക. 10 മില്യൻ സ്വീഡിഷ് ക്രൗൺസ് (ഏകേദശം 7.37 കോടി രൂപ) ആണ് സമ്മാനാർഹന് ലഭിക്കുക.

أحدث أقدم