വർഗീയ കലാപം ബിജെപി പശ്ചിമ ബംഗാൾ സംസ്ഥാന പ്രസിഡന്റ് അറസ്റ്റിൽ, 38 പേർ പോലീസ് കസ്റ്റഡിയിൽ


കൊൽക്കത്ത: ഞായറാഴ്ചയാണ് പശ്ചിമ ബംഗാളിലെ മോമിന്‍പൂരില്‍ വർഗീയ കലാപം ഉടലെടുത്തത്. ഞായറാഴ്ച രാത്രി മീലാദ് ഉൻ-നബിക്ക് സ്ഥാപിച്ച മതപതാകകൾ നശിപ്പിച്ചതിനെ തുടർന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടതെന്നാണ് റിപ്പോർട്ട്. രാത്രി മയൂര്‍ഭഞ്ച്, ഭൂകൈലാഷ് റോഡുകളിലെ നിരവധി വീടുകള്‍ ഒരു സംഘം ആളുകള്‍ അടിച്ച് തകര്‍ത്തു. പ്രതിഷേധവുമായെത്തിയ ആളുകള്‍ ഏക്ബൽപൂർ പൊലീസ് സ്റ്റേഷൻ കൊള്ളയടിക്കുകയും തീയിടുകയും ചെയ്തിരുന്നു. പ്രദേശത്ത് സംഘർഷമുണ്ടാക്കിയതിന് 38 പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ കൂടാതെ അക്രമവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്‍റ് സുകാന്ത മജുംദാർ ഉൾപ്പെടെ അഞ്ച് പേരെയും അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ അക്രമ ബാധിത പ്രദേശം സന്ദര്‍ശിക്കുകയായിരുന്ന മജുംദാറിനെ പോലീസ് തടഞ്ഞ് നിർത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് സംസ്ഥാന ബിജെപി ആരോപിച്ചു. മോമിൻപൂരിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ബിജെപിയുടെ സോഷ്യൽ മീഡിയ മേധാവി അമിത് മാളവ്യ മമത ബാനർജിയുടെ കീഴിലുള്ള സർക്കാരിനെതിരെ ആഞ്ഞടിച്ച് ട്വിറ്ററിൽ രംഗത്തെത്തി. മമത ഭരണത്തിൻ കീഴിൽ ബംഗാളിൽ കലാപങ്ങൾ സാധാരണ സംഭവങ്ങളായി മാറുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 'ചരിത്രത്തില്‍ നിന്ന് പഠിക്കാത്തവര്‍ അത് ആവര്‍ത്തിക്കാന്‍ വിധിക്കപ്പെട്ടവരാണ്', 1946 ലെ നൊഖാലി കലാപത്തെ പരാമര്‍ശിച്ച് അമിത്കൂ മാലളവ്യ കൂട്ടിച്ചേർത്തു. ഹിന്ദുക്കള്‍ 'കോജാഗരി ലക്ഷ്മി പൂജ' അഥവാ ശരദ് പൂര്‍ണിമ ആഘോഷിക്കുമ്പോള്‍ ഒരേ ദിവസം സംഭവിക്കുന്ന രണ്ട് സംഭവങ്ങളെയും അദ്ദേഹം താരതമ്യം ചെയ്തു. മോമിന്‍പൂര്‍ മേഖലയില്‍ കേന്ദ്രസേനയെ അടിയന്തരമായി വിന്യസിക്കണമെന്ന് സംസ്ഥാന ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദുക്കളുടെ വീടുകള്‍ ആക്രമിക്കപ്പെടുന്ന സാഹചര്യത്തില്‍ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ ട്വിറ്ററില്‍ കുറിച്ചു. അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തതോടെ പ്രദേശത്തെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സൗമ്യ റോയ് ഉൾപ്പെടെ നിരവധി പോലീസുകാർക്ക് അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. കലാപകാരികള്‍ ബോംബുകളും ഇഷ്ടികകളും എറിയുകയാണ്. പോലീസുകാർ പോലും ഓടി രക്ഷപ്പെടുകയാണെന്ന് ബിജെപി നേതാവ് പ്രീതം സുര്‍ ട്വിറ്ററില്‍ കുറിച്ചു. അക്രമത്തിന്റെ ദൃശ്യങ്ങളും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെക്കുന്നുണ്ട്. ഞങ്ങൾക്ക് നേരെ ബോംബുകളും ഇഷ്ടികകളും എറിയുകയാണെന്നും അദ്ദേഹം ആരോപിച്ചു.

أحدث أقدم